ഓസിലടക്കം രണ്ടു താരങ്ങളെ ആഴ്സനൽ ടീമിൽ നിന്നും ഒഴിവാക്കി

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ആഴ്സനൽ ടീമിൽ നിന്നും ജർമനിയുടെ മധ്യനിര താരമായ മെസൂദ് ഓസിലിനെ ഒഴിവാക്കി. ഓസിലും ഗ്രീക്ക് പ്രതിരോധ താരമായ സോക്രട്ടീസിനെയുമാണ് ഗ്രൂപ്പ് മത്സരങ്ങൾക്കുള്ള 25 അംഗ ടീമിൽ നിന്നും പരിശീലകൻ അർടേട്ട ഒഴിവാക്കിയത്. ഇരു താരങ്ങൾക്കും ടീമിൽ അവസരങ്ങൾ കുറവായിരുന്നു.

ആഴ്സനലിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായ ഓസിൽ മാർച്ചിനു ശേഷം ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങിയിട്ടില്ല. മാത്രമല്ല, ലോക്ക്ഡൗണിനു ശേഷം രണ്ടു മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ മാത്രമേ താരത്തിന് ഇടം പിടിക്കാനും കഴിഞ്ഞിട്ടുള്ളു. ഇതിനു പിന്നാലെയാണ് താരത്തെ യൂറോപ്പ സ്ക്വാഡിൽ നിന്നും ഒഴിവാക്കിയത്.

ആഴ്സനലിന് ഓസിലിനെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും ടീമിനൊപ്പം തുടർന്ന് സ്ഥാനത്തിനായി പൊരുതുമെന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ മറ്റു ക്ലബുകളിലേക്ക് ചേക്കേറണമെങ്കിൽ പ്രതിഫലം കുറക്കേണ്ടി വരുമെന്നതാണ് താരം ടീം വിടാതിരിക്കാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.

തന്റെ പദ്ധതികളിൽ ഓസിലിന് ഇടമുണ്ടാകാൻ സാധ്യതയില്ലെന്ന് അർടേട്ട നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓസിലിന്റെ അസാന്നിധ്യത്തിലും മികച്ച പ്രകടനമാണ് ആഴ്സനൽ നടത്തുന്നത്.

Rate this post