ഡിപേയെ കിട്ടിയില്ലെങ്കിൽ ബാഴ്സ മറ്റൊരു ഹോളണ്ട് സ്ട്രൈക്കറെ സ്വന്തമാക്കും

ലിയോൺ മുന്നേറ്റനിര താരമായ മെംഫിസ് ഡിപേയിൽ ബാഴ്സക്കുള്ള താൽപര്യം നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ അവരെ അതിനനുവദിച്ചില്ല. ഈ സീസണോടെ ലിയോണുമായുള്ള കരാർ അവസാനിക്കുമെന്നതു കൊണ്ട് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഡിപേയെ ടീമിലെത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബാഴ്സലോണ.

സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടിവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഡിപേയെ സ്വന്തമാക്കാൻ കഴിയാതെ വന്നാൽ പകരക്കാരനായി മറ്റൊരു താരത്തെ ക്ലബ് കണ്ടെത്തിയിട്ടുണ്ട്. നെതർലൻഡ്സിന്റെ തന്നെ മുന്നേറ്റനിര താരമായ ഡോൺയെൽ മലെനെയാണ് ബാഴ്സ ഡിപേക്കു പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ മലെൻ ഡച്ച് ക്ലബായ പി.എസ്.വിയുടെ കളിക്കാരനാണ്.

ഈ സീസണിൽ ഒൻപതു മത്സരങ്ങളിൽ കളിച്ച താരം അഞ്ചു ഗോളും രണ്ട് അസിസ്റ്റും ക്ലബിനായി നേടിയിട്ടുണ്ട്. ഡിപേയെ പോലെ തന്നെ ബാഴ്സലോണ പരിശീലകൻ കൂമാന് പരിചിതനായ കളിക്കാരനാണ് മലെൻ. കൂമാൻ നെതർലൻഡ്സ് പരിശീലകൻ ആയിരിക്കുമ്പോഴാണ് മലെന് ദേശീയ ടീമിൽ അരങ്ങേറ്റം നടത്താൻ അവസരം നൽകുന്നത്.

നാലു വർഷത്തെ കരാർ പി.എസ്.വിയുമായി ബാക്കിയുള്ള താരത്തെ സ്വന്തമാക്കുക പക്ഷേ ബാഴ്സക്ക് വലിയൊരു വെല്ലുവിളിയാണ്. അതു മാത്രമല്ല, ബാഴ്സ പ്രസിഡൻറ് സ്ഥാനത്തു നിന്നും ബർട്ടമോ മാറിയതോടെ കൂമാനു വേണ്ട താരങ്ങളെ ബോർഡ് സ്വന്തമാക്കുമോയെന്നത് കണ്ടു തന്നെ അറിയേണ്ടതാണ്.

Rate this post