ഈ സീസണോടുകൂടി ഡി മരിയ യുവന്റസ് വിടും, തന്റെ അടുത്ത ക്ലബ്ബ് ഏതായിരിക്കുമെന്നും താരം വ്യക്തമാക്കുന്നു |Angel Di Maria

പിഎസ്‌ജിയിൽ നിന്നും ആഗ്രഹിച്ചതു പോലെയൊരു വിടവാങ്ങലല്ല ഡി മരിയ്ക്കുണ്ടായത്. നിരവധി സീസണുകൾ ക്ലബിനൊപ്പം തുടർന്ന് തകർപ്പൻ പ്രകടനം നടത്തിയ താരം ക്ലബിൽ നിന്നും പുതിയ കരാർ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിഎസ്‌ജി നേതൃത്വം അതിനു തയ്യാറായില്ല. ഇതേതുടർന്ന് ഫ്രാൻസ് വിടേണ്ടി വന്ന അർജന്റീന താരം ഇറ്റാലിയൻ ക്ലബായ യുവന്റസിലേക്കാണ് ചേക്കേറിയത്.

യുവന്റസിലേക്ക് ചേക്കേറിയ താരത്തിനെ പരിക്കിന്റെ പ്രശ്‌നങ്ങൾ ബുദ്ധിമുട്ടിച്ചെങ്കിലും ക്ലബിനായി മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. എന്നാൽ പോയിന്റ് വെട്ടിക്കുറയ്ക്കൽ അടക്കമുള്ള ശിക്ഷാനടപടികൾ നേരിട്ട യുവന്റസിൽ താരം തുടരാനുള്ള സാധ്യതയില്ല. ഒരു വർഷത്തെ കരാറിൽ ഇറ്റലിയിൽ എത്തിയ താരം കഴിഞ്ഞ ദിവസം തന്റെ ഭാവി പരിപാടികളെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി.

“എനിക്ക് റൊസാരിയോ സെൻട്രലിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ട്, ഈ വർഷത്തിലോ അല്ലെങ്കിൽ അടുത്ത വർഷത്തിലോ അതുണ്ടായേക്കും. റൊസാരിയോ സെൻട്രലിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം എല്ലായിപ്പോഴും എനിക്കൊപ്പമുണ്ട്. ആ നിമിഷം ഉടനെ വന്നു ചേരുമെന്നാണ് കരുതുന്നത്.” അർജന്റീനിയൻ മാധ്യമം ടൈക് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഡി മരിയ പറഞ്ഞു.

ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാണ് ഡി മരിയ വഹിച്ചത്. ഫൈനലിൽ പിറന്ന രണ്ടു ഗോളുകളിൽ താരത്തിന് പങ്കുണ്ടായിരുന്നു. യുവന്റസിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാൾ ഡി മരിയ തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ തിരിച്ചടികൾ കാരണം യുവന്റസ് മോശം ഫോമിലേക്ക് പോവുകയാണെങ്കിൽ താരം ക്ലബുമായി കരാർ പുതുക്കാനുള്ള സാധ്യത കുറവാണ്.

3.8/5 - (22 votes)