ആദ്യഗോൾ മെസിയോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം വെളിപ്പെടുത്തി പതിനാറുകാരനായ പിഎസ്‌ജി താരം |Lionel Messi

മോണ്ട്പെല്ലിയറിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ ഫാബിയൻ റൂയിസിനും ഗോൾ നേടിയ ലയണൽ മെസിക്കുമൊപ്പം പതിനാറുകാരനായ മറ്റൊരു താരം കൂടി തിളങ്ങുകയുണ്ടായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്‌ജി വിജയിച്ച മത്സരത്തിൽ പകരക്കാരനായിറങ്ങി ഇഞ്ചുറി ടൈമിൽ ക്ലബിന്റെ ഗോൾ നേടിയത് ഫ്രഞ്ച് കൗമാരതാരം വാറൻ സൈരെ എമറിയായിരുന്നു.

ഈ സീസണിൽ പതിനൊന്നാമത്തെ മത്സരത്തിലാണ് പിഎസ്‌ജിക്കായി എമേറി ഇറങ്ങുന്നത്. മധ്യനിരയിൽ കളിക്കുന്ന താരം ഇന്നലെ വല കുലുക്കിയതോടെ പിഎസ്‌ജിക്ക് വേണ്ടി ഫ്രഞ്ച് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. മത്സരത്തിനു ശേഷം തന്റെ ഗോളിനെക്കുറിച്ചും മെസിക്കൊപ്പം ആഘോഷിച്ചതിനെ കുറിച്ചും താരം പറഞ്ഞു.

“ഫ്രഞ്ച് ലീഗിൽ എന്റെ ആദ്യത്തെ ഗോൾ നേടാൻ കഴിഞ്ഞത് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്. ഇനിയും ഇതുപോലെ ഗോളുകൾ നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പന്തുമായി കുതിക്കുമ്പോൾ മെസിയെ ഞാൻ കണ്ടെങ്കിലും നേരിട്ട് ഷൂട്ട് ചെയ്യുകയാണെന്ന് തോന്നിയതിനാൽ അവസരം ഉപയോഗപ്പെടുത്തി. മെസിക്കൊപ്പമാണ് ഞാൻ ആദ്യത്തെ ഗോൾ ആഘോഷിച്ചത്. അതും വളരെ സന്തോഷമുള്ള കാര്യമായിരുന്നു.

മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ മോണ്ട്പെല്ലിയാർ സമനില ഗോളിനായി ശ്രമിക്കുമ്പോൾ നടത്തിയ പ്രത്യാക്രമണത്തിൽ നിന്നുമാണ് പിഎസ്‌ജിയുടെ ഗോൾ വന്നത്. ഹക്കിമിയിൽ നിന്നും പന്ത് സ്വീകരിച്ച് വലതു വിങ്ങിലൂടെ കുതിച്ചെത്തിയ താരം ബോക്‌സിൽ നിന്നും ഷൂട്ട് ചെയ്‌ത്‌ ഗോൾകീപ്പറെ കീഴടക്കി. ഇതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ ടീമിനൊപ്പം ലഭിക്കുമെന്നുറപ്പാണ്.

Rate this post