വിമർശിച്ചാൽ വം ശീയതയാണെന്ന് പറയുന്നു, വിനീഷ്യസ് മാതൃകയല്ലെന്ന് ലാ ലിഗ ക്യാപ്റ്റൻ

ബ്രസീലിയൻ താരങ്ങൾക്കെതിരെ സ്‌പാനിഷ്‌ ലീഗിൽ വിമർശങ്ങൾ ഉയരുന്നത് കുറച്ചു കാലമായി കാണുന്ന കാഴ്‌ചയാണ്‌. നേരത്തെ ബാഴ്‌സലോണയിൽ കളിച്ചു കൊണ്ടിരുന്ന സമയത്ത് നെയ്‌മർ സ്ഥിരമായി ഇത് നേരിട്ടിരുന്നു. ഇപ്പോൾ റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറിനെതിരെയാണ് വിമർശനം ഉയരുന്നത്. പലപ്പോഴും അതിൽ വം ശീയതയുടെ അംശമുണ്ടെന്ന പരാതി താരവും ചൂണ്ടിക്കാട്ടിയിരുന്നു.

റയൽ മാഡ്രിഡ് എവേ മത്സരങ്ങൾ കളിക്കുമ്പോൾ പലപ്പോഴും താരത്തെ എതിർടീമിന്റെ ആരാധകർ കൂക്കി വിളിക്കാറുണ്ട്. അതിനു പുറമെ എതിർടീമിലെ താരങ്ങളും വിനീഷ്യസും തമ്മിൽ ഉരസലുകളും ഉണ്ടാകാറുണ്ട്. തന്റെ കളിക്കാരന് ബഹുമാനം ലഭിക്കണമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞെങ്കിലും വിനീഷ്യസിന് അത് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് മയോർക്ക നായകൻ അന്റോണിയോ റൈല്ലോ പറയുന്നത്.

വിനീഷ്യസ് മൈതാനത്ത് ഡാൻസ് ചെയ്യുക മാത്രമല്ല, മറിച്ച് എതിരാളികളെ പ്രകോപിപ്പിക്കാനും അവരെ അപമാനിക്കാനും ശ്രമിക്കാറുണ്ടെന്നാണ് റൈല്ലോ പറയുന്നത്. പ്രകോപനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ വം ശീയതയെന്ന കാർഡ് എടുത്ത് ഉപയോഗിക്കുമെന്നും തന്റെ കുട്ടികൾക്ക് ഒരിക്കലും വിനീഷ്യസിനെ മാതൃകയാക്കി പറയില്ലെന്നും മോഡ്രിച്ച്, ബെൻസിമ എന്നിവരാണ് അതിനു നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച താരമാണ് വിനീഷ്യസ് ജൂനിയർ. ഈ സീസണിലും റയൽ മാഡ്രിഡിനായി താരം മികച്ച ഫോമിൽ തന്നെയാണ് കളിക്കുന്നത്. എന്നാൽ നിരന്തരമായ ഡ്രിബിളിംഗുകളും വേഗതയേറിയ മുന്നേറ്റങ്ങളും കൊണ്ട് എല്ലായിപ്പോഴും എതിരാളികൾക്ക് തലവേദനയുണ്ടാക്കുന്ന താരം അതിന്റെ പേരിലും എതിരാളികളിൽ പ്രകോപനം സൃഷ്‌ടിക്കുന്നുണ്ടാകുമെന്നതിൽ സംശയമില്ല.

Rate this post