പിഎസ്ജിയെ തോൽപ്പിച്ചതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്, ഡി മരിയയെ കളിയാക്കിയതെന്ന് ആരാധകർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ വിജയം നേടിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ നിന്നും പോസ്റ്റു ചെയ്ത ചിത്രം ആരാധകർക്കിടയിൽ ചർച്ചയാകുന്നു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഡി ഗിയയെ അഭിനന്ദിച്ചാണ് ചിത്രം പോസ്റ്റു ചെയ്തതെങ്കിലും അത് അർജൻറീനിയൻ താരം ഡി മരിയക്കുള്ള പരിഹാസം കൂടിയാണെന്നാണ് ആരാധകർ കണ്ടെത്തിയത്.

മത്സരത്തിൽ ഡി മരിയയുടെ ഒരു ഗോൾശ്രമം ഡി ഗിയ വിഫലമാക്കുന്നതിന്റെ ചിത്രം “വമ്പൻ താരങ്ങൾ വലിയ മത്സരങ്ങളിൽ മികവു കാണിക്കുമെന്ന” തലക്കെട്ടോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോസ്റ്റു ചെയ്തത്. അറുപതു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ റയലിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം തിളങ്ങാനാവാതെ പോയ ഡി മരിയയെ കളിയാക്കിയാണ് അതെന്നു കരുതുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കടുത്ത അതൃപ്തി ഡി മരിയയോടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ക്ലബിനെതിരെയും മാഞ്ചസ്റ്റർ നഗരത്തിനെതിരെയും താരവും ഭാര്യയും രൂക്ഷവിമർശനം നടത്തിയിരുന്നു. കഴിഞ്ഞ തവണ ഇരു ക്ലബുകളും ഏറ്റുമുട്ടിയപ്പോൾ ഡി മരിയക്കു നേരെ യുണൈറ്റഡ് അരാധകർ കുപ്പിയെറിയുകയും ചെയ്തു.

ക്ലബിന്റെ പോസ്റ്റിൽ തങ്ങളുടെ സന്തോഷം ആരാധകർ വ്യക്തമാക്കുന്നുണ്ട്. നിരവധി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരാണ് ഇതിനു മറുപടിയുമായി രംഗത്തെത്തിയത്. അടുത്ത മത്സരത്തിൽ ഡി മരിയ ഇതിനു മറുപടി നൽകുമോയെന്നു കണ്ടറിയേണ്ടതാണ്.

Rate this post