” പെരേര ഡയസിന് നാളത്തെ മത്സരത്തിൽ കളിക്കാൻ സാധിക്കുമോ , ഇവാൻ വുകൊമാനോവികച് പറയുന്നു”
ശനിയാഴ്ച എടികെ മോഹൻ ബഗാനെതിരായ നടന്ന മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച കേരള ബ്ലാസ്റ്റേഴ്സ് താരം ജോർജ്ജ് പെരേര ഡയസിനെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി ‘അക്രമപരമായ പെരുമാറ്റം’ കുറ്റം ചുമത്തിയിരുന്നു .AIFF ബോഡി നൽകിയ ചാർജ് നോട്ടീസിൽ, AIFF അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 48.1.2 ലംഘിച്ചതിന് പെരേര ഡയസിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതിൽ കളിക്കാരൻ ‘ഡഗൗട്ട് പാനൽ തകർത്തു, അക്രമാസക്തമായ പെരുമാറ്റം’ അതിനാൽ ഒരു കുറ്റം ചെയ്തതായി പരാമർശിക്കുന്നു.
ചുവപ്പ് കാർഡ് കിട്ടിയതോടെ ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിൽ താരത്തിന് കളിയ്ക്കാൻ സാധിച്ചിരുന്നില്ല. അദ്ദേഹം കളിക്കാതിരുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവുകയും ചെയ്തു.സ്ട്രൈക്കർ പെരേര ഡിയസ് നാളെ ചെന്നൈയിനെതിരെ ഉണ്ടാകും എന്നാണ് തന്റെ വിശ്വാസം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പറഞ്ഞു.ഡയസിന്റെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും, സസ്പെൻഷൻ ഒരു മത്സരത്തിൽ മാത്രമായി ഒതുങ്ങുമെന്നാണ് അറിയാൻ കഴിയുന്നതെന്നുമാണ് ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. സസ്പെൻഷൻ ഒരു മത്സരത്തിൽ മാത്രമാണെങ്കിൽ, അതു അനുഭവിച്ചുകഴിഞ്ഞ ഡയസിന് നാളെ കളിക്കാനാകും.
ഒരു മത്സരത്തിൽ കൂടുതൽ വിലക്ക് ലഭിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകും. ഡിയസ് ഇല്ലാതെ ഇറങ്ങിയ അവസാന രണ്ടു മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നാലു ഗോളുകളും ഒരു അസിസ്റ്റും ഡിയസ് സംഭാവന ചെയ്തിരുന്നു.
ഡയസിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. താരത്തോട് ഏഐഎഫ്എഫ് വിശദീകരണം തേടി. ഈ വിശദീകരണം തൃപ്തികരമല്ലെങ്കിൽ താരത്തിന് കൂടുതൽ മത്സരങ്ങളിൽ നിന്ന് വിലക്കിന് സാധ്യതയുണ്ടെന്നും വാർത്തകളുണ്ടായിരുന്നു.എടികെ മോഹൻ ബഗാനെതിരായ കളിയുടെ അവസാന നിമിഷങ്ങളിൽ 2-2 സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് ഇത് സംഭവിച്ചത്. എതിർടീമിലെ ആളുകളുമായി കയർത്തു സംസാരിച്ച താരം ഡഗൗട്ട് പാനൽ തകർക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് എടികെഎംബി അസിസ്റ്റന്റ് കോച്ച് ബാസ്റ്റോബ് റോയിക്കും ചുവപ്പ് കാർഡ് ലഭിച്ചു.