റയൽ മാഡ്രിഡ് വിടുമെന്ന് വിനീഷ്യസ് ഭീഷണിപ്പെടുത്തിയോ? പുതിയ റിപ്പോർട്ടുകൾ പുറത്ത് |Vinicius Jr

വലിയ രൂപത്തിലുള്ള വംശീയമായ അധിക്ഷേപങ്ങൾ തുടർച്ചയായി ഏൽക്കേണ്ടി വന്നതോടെ വിനീഷ്യസ് ജൂനിയർ തുറന്ന ഒരു പ്രതികരണം തന്നെ നടത്തിയിരുന്നു. കളിക്കളത്തിൽ വെച്ചും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെയും ഇതിനെതിരെ പൊട്ടിത്തെറിക്കുകയാണ് വിനീഷ്യസ് ചെയ്തിട്ടുള്ളത്.എല്ലാവരും വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചതോടുകൂടി ലാലിഗ ഇപ്പോൾ ശരിക്കും പ്രതിരോധത്തിലായിട്ടുണ്ട്.

പക്ഷേ അവർ ഇതുവരെ ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കുകയോ സ്റ്റേറ്റ്മെന്റ് പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.അതേസമയം റയൽ മാഡ്രിഡ് നിയമപരമായി കൊണ്ട് തന്നെ നീങ്ങുകയാണ്.ശക്തമായ നടപടികൾ എടുത്തിട്ടില്ലെങ്കിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്ന് റയൽ മാഡ്രിഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് വിനീഷ്യസ് ജൂനിയറും റയൽ പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസും തമ്മിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്.

ഇതിനിടെ ഒരു ബ്രസീലിയൻ ജേണലിസ്റ്റ് പുതിയ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതായത് ഈ വിഷയങ്ങളിൽ വിനീഷ്യസ് ജൂനിയർ കടുത്ത അസംതൃപ്തനാണ്. ഇതൊക്കെ അദ്ദേഹത്തെ വളരെ വലിയ രൂപത്തിൽ ബാധിച്ചിട്ടുണ്ട്.അതുകണ്ട് തന്നെ തന്റെ ക്ലബ്ബായ റയലിനോട് ഒരു ഭീഷണി സ്വരത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു. അതായത് ഒരു ഇന്റർവ്യൂ നൽകുമെന്നും അതിലൂടെ ക്ലബ്ബ് വിടുമെന്നുള്ള പ്രസ്താവന നടത്തും എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.വിനീഷ്യസ് റയൽ വിടുമെന്നുള്ള ഭീഷണി നടത്തി എന്നായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്.

പക്ഷേ ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് ഗോൾ എസ്പാന രംഗത്ത് വന്നു കഴിഞ്ഞു. അതായത് ഇത്തരത്തിലുള്ള യാതൊരുവിധ ഭീഷണികളും വിനീഷ്യസ് ജൂനിയർ നടത്തിയിട്ടില്ല.അദ്ദേഹത്തിന്റെ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം ഗോൾ എസ്പാനയെ അറിയിച്ചിട്ടുള്ളത്.ഈ സംഭവ വികാസങ്ങളിൽ കടുത്ത അസംതൃപ്തി ഉണ്ടെങ്കിലും അതൊരിക്കലും വിനീഷ്യസും റയലും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല.കാരണം റയൽ മാഡ്രിഡിനെ ഈ ബ്രസീലിയൻ സൂപ്പർതാരം അത്രയേറെ സ്നേഹിക്കുന്നുണ്ട്. ഇതൊക്കെയാണ് ഗോൾ എസ്പാന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏതായാലും ദീർഘകാലത്തെ കോൺട്രാക്ട് റയലുമായി വിനീഷ്യസിന് അവശേഷിക്കുന്നുണ്ട്. അദ്ദേഹം റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചാൽ സ്വന്തമാക്കാൻ വേണ്ടി നിരവധി ക്ലബ്ബുകൾ രംഗത്ത് വരുമെന്നുള്ളത് ഇപ്പോൾ തന്നെ വ്യക്തമായ കാര്യമാണ്.ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഈ ബ്രസീലിയൻ സൂപ്പർതാരത്തിൽ താല്പര്യമുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി എന്നിവരുടെ പേരുകളൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്.ഏതായാലും നിലവിൽ ഈ ബ്രസീലിയൻ സൂപ്പർതാരം ക്ലബ് വിടാനുള്ള സാധ്യതകൾ കുറവാണ്.