ലയണൽ മെസ്സിയുടെ തിരിച്ചുവരവ്, വരുമാനത്തിൽ വമ്പൻ വർദ്ധനവ് ഉണ്ടാക്കാമെന്ന പ്രതീക്ഷയിൽ ബാഴ്സലോണ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബ്ബുകളിൽ ഒന്ന് ബാഴ്സ തന്നെയാണ്.അതിന്റെ പരിണിതഫലമായി കൊണ്ട് തന്നെയാണ് അവർക്ക് ലയണൽ മെസ്സിയെ നഷ്ടമായിരുന്നതും.

പക്ഷേ ഇപ്പോൾ പതിയെ പതിയെ അതിൽ നിന്നെല്ലാം ബാഴ്സ കരകയറി വരികയാണ്. മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ഇപ്പോൾ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ഇതുവരെ ലാലിഗ ബാഴ്സക്ക് അനുമതി നൽകിയിട്ടില്ല. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ കൂടുതൽ താരങ്ങളെ ഒഴിവാക്കിക്കൊണ്ട് മെസ്സിയെ എത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബാഴ്സ ഉള്ളത്.

ട്രാൻസ്ഫർ ഫീ നൽകേണ്ടതില്ലെങ്കിലും മെസ്സിയെ തിരികെ എത്തിക്കണമെങ്കിൽ ബാഴ്സയെ സംബന്ധിച്ചിടത്തോളം സാമ്പത്തികപരമായ ചിലവുകൾ ഏറെയുണ്ട്.പക്ഷേ ലയണൽ മെസ്സി എത്തിക്കഴിഞ്ഞാൽ അതെല്ലാം നികത്താൻ കഴിയും എന്നുള്ള ശുഭപ്രതീക്ഷയിലാണ് ബാഴ്സയുള്ളത്.ലയണൽ മെസ്സി തിരികെ വരുന്നതോടുകൂടി ആകെ 230 മില്യൺ യൂറോ അധിക വരുമാനം നേടാൻ സാധിക്കുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.സ്പോൺസർമാരിൽ തന്നെയാണ് ബാഴ്സ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത്.

പുതിയ സ്പോൺസർമാർ അനേകം വരുമെന്നും അതുവഴി ചുരുങ്ങിയത് 150 മില്യൺ യൂറോയെങ്കിലും അധികമായി ലഭിക്കും എന്നുമാണ് ബാഴ്സ കരുതുന്നത്.കൂടാതെ ടിക്കറ്റ് വിൽപ്പനയിലും വലിയ വർദ്ധനവ് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ബാഴ്സ.ഏകദേശം 80 മില്യൺ യൂറോയോളം ഇതിലൂടെ അധിക വരുമാനമായി ലഭിക്കുമെന്ന പ്രതീക്ഷകളും ഇവർ വെച്ചുപുലർത്തുന്നുണ്ട്.മെസ്സിയുടെ വരവോടുകൂടി 100 മില്യൺ യൂറോ നെറ്റായി കൊണ്ട് ലഭിക്കുമെന്നും ബാഴ്സ ബോർഡ് അംഗങ്ങൾ വിശ്വസിക്കുന്നുണ്ട്.

നിലവിലെ അവസ്ഥയിൽ വലിയ സാലറി ഒന്നും മെസ്സിക്ക് നൽകാൻ ബാഴ്സക്ക് സാധിക്കില്ല. അതേസമയം വരുമാനത്തിന്റെ ഒരു ഓഹരി മെസ്സിക്ക് നൽകാൻ ക്ലബ്ബ് ആലോചിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഏതായാലും മെസ്സിയുടെ തിരിച്ചുവരവ് ഇനിയും ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്ന് സാവി വ്യക്തമാക്കിയിരുന്നു.അടുത്ത മാസത്തെ അർജന്റീനയുടെ ഫ്രണ്ട്ലി മത്സരങ്ങൾക്ക് ശേഷം മാത്രമായിരിക്കും മെസ്സി ഒരു അന്തിമ തീരുമാനത്തിലേക്ക് പോവുക.

Rate this post