റയലിനെ കീഴടക്കിയ ബാഴ്‌സലോണക്ക് അഭിനന്ദനവുമായി അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണി | Real Madrid Barcelona

കോപ്പ ഡെൽ റേ സെമി ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ ആവേശകരമായ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ നാല് പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണ റയലിന്റെ മൈതാനത്ത് ഒരു ഗോളിന്റെ വിജയം നേടി. റയലിനെ കടുത്ത പ്രതിരോധതന്ത്രങ്ങൾ ആവിഷ്‌കരിച്ചു പൂട്ടിയാണ് സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണ നിർണായകമായ വിജയം നേടിയത്.

മത്സരത്തിൽ വിജയിച്ച ബാഴ്‌സലോണക്ക് അഭിനന്ദനവുമായി രംഗത്തു വന്നിരിക്കുന്നത് ലീഗിലെ പ്രധാന എതിരാളികളിൽ ഒന്നായ അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണിയാണ്. ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തിനു മുൻപ് റയൽ മാഡ്രിഡ് കളിച്ചത് അത്ലറ്റികോ മാഡ്രിഡിന് എതിരേയായിരുന്നു. പത്ത് പേരായി ചുരുങ്ങിയിട്ടും ലീഡ് നേടിയ അത്ലറ്റികോ മാഡ്രിഡ്രിഡിനെതിരെ റയൽ മാഡ്രിഡ് കഷ്‌ടിച്ചാണ് മത്സരത്തിൽ സമനില വഴങ്ങിയത്.

“ഓരോ മത്സരത്തിനും അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നത് ഫുട്ബോൾ ലോകത്ത് സ്വാഭാവികമായ കാര്യമാണ്. ആ മത്സരത്തിൽ വിജയം നേടണമെന്ന് ബാഴ്‌സലോണക്ക് അറിയുന്നതിനാൽ തന്നെ അതിനു കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ അവർ കളിച്ചു. വാക്കുകൾ വാക്കുകളെയും പ്രവൃത്തികൾ പ്രവൃത്തികളെയും തുടരും. അവരുടെ പ്രതിരോധം നല്ല രീതിയിൽ സംഘടിച്ചു നിന്നാണ് മത്സരത്തിൽ വിജയം നേടിയത്. ബാഴ്‌സലോണയ്ക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും.” സിമിയോണി പറഞ്ഞു.

ഈ വാരാന്ത്യത്തിൽ മൂന്നു ടീമുകൾക്കും മികച്ച എതിരാളികളെയാണ് നേരിടാനുള്ളത്. റയൽ മാഡ്രിഡ് റയൽ ബെറ്റിസിനെതിരെ ലീഗിൽ ഇറങ്ങുമ്പോൾ അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളികൾ സെവിയ്യയാണ്. ബാഴ്‌സലോണ വലൻസിയയെയും നേരിടും. ലീഗിൽ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ റയൽ മാഡ്രിഡ് രണ്ടാമതും അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തുമാണ്. ബാഴ്‌സലോണയെക്കാൾ പതിനേഴു പോയിന്റ് പിന്നിലാണ് അത്ലറ്റികോ എന്നതിനാൽ ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷ അവർക്കില്ല.

Rate this post