താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കാണ് പോവുന്നത്, ബാഴ്സ നോട്ടമിട്ട താരം സഹതാരങ്ങളോട് പറഞ്ഞതിങ്ങനെ.
എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാന്റെ ആദ്യത്തെ ലക്ഷ്യമായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത താരമായിരുന്നു അയാക്സിന്റെ ഡച്ച് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക്.എന്നാൽ പിന്നീട് അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഒന്നും തന്നെ ബാഴ്സയുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴിതാ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്. താരം തന്നെ തന്റെ അയാക്സിലെ സഹതാരങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയതയാണ് റിപ്പോർട്ടുകൾ.
സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. അടുത്ത ആഴ്ച്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ പൂർണ്ണമാവുമെന്നും തുടർന്ന് അവിടേക്ക് പറക്കുമെന്നാണ് ഡോണി വാൻ ഡി ബീക്ക് തന്റെ സഹതാരങ്ങളെ അറിയിച്ചിരിക്കുന്നത്. ഈ ട്രാൻസ്ഫറിൽ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരമാണ് ഡി ബീക്ക്. അത് യാഥാർത്ഥ്യമാവുന്നു എന്ന വാർത്തകൾ തന്നെയാണ് ഇപ്പോൾ പുറത്തു വരുന്നത്.
A move to United looks to be drawing closer…https://t.co/EVHSzOCTsO
— Mirror Football (@MirrorFootball) August 30, 2020
ഇരുപത്തിമൂന്നുകാരനായ താരം നിലവിൽ അയാക്സിനൊപ്പം പ്രീ സീസൺ ക്യാമ്പയിനിൽ ആണ്. അയാക്സിന് വേണ്ടി കുറച്ചു പ്രീ സീസൺ മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു. നിലവിൽ ഒക്ടോബർ അഞ്ചിനാണ് ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുകയൊള്ളൂ എങ്കിലും സെപ്റ്റംബർ പതിനഞ്ചിനു മുമ്പ് താരത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം എന്നാണ് അയാക്സിന്റെ നിലപാട്. ബാഴ്സയും ടോട്ടൻഹാമും താരത്തെ നോട്ടമിട്ടിരിന്നുവെങ്കിലും താരം യുണൈറ്റഡ് തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിൽ എത്തിയ അയാക്സ് ടീമിലെ നിർണായകതാരമായിരുന്നു ഡോണി ബീക്ക്. പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി എന്നിവയിൽ താരം ഗോൾ നേടിയിരുന്നു. ആകെ അയാക്സിന് വേണ്ടി 175 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 37 മത്സരങ്ങൾ കളിച്ച താരം 10 ഗോളുകളും നേടിയിട്ടുണ്ട്.