പകരക്കാരനായിറങ്ങി മിന്നുന്ന പ്രകടനം, റോമയുടെ രക്ഷകനായി ഡിബാല
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാംപാദ മത്സരത്തിൽ അവിശ്വസനീയ തിരിച്ചുവരവുമായി റോമ. ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങിയ റോമ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് നേടിയത്. പരാജയത്തിന്റെ വക്കിൽ നിന്നും റോമയുടെ തിരിച്ചുവരവിന് തുടക്കമിട്ടത് പകരക്കാരനായിറങ്ങിയ ഡിബാലയാണ്.
സ്വന്തം മൈതാനത്ത് വിജയമെന്ന ലക്ഷ്യവുമായി ഇറങ്ങിയ റോമ അറുപതാം മിനുട്ടിൽ സ്‌പിനോസോള നേടിയ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. എന്നാൽ എൺപതാം മിനുട്ടിൽ ഫെയനൂർദ് ഒരു ഗോൾ തിരിച്ചടിച്ചതോടെ റോമ പരാജയം വഴങ്ങുമെന്ന നിലയിലായി. പക്ഷെ പകരക്കാരനായിറങ്ങിയ ഡിബാല എൺപത്തിയൊമ്പതാം മിനുട്ടിൽ അസാധ്യമായ ഒരു ഫിനിഷിംഗിലൂടെ ഗോൾ നേടി മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയെടുത്തു.
അവസാന മിനുട്ടിൽ നേടിയ ഗോളിന്റെ ആവേശത്തിൽ ആഞ്ഞടിച്ച റോമാ എക്‌സ്ട്രാ ടൈമിൽ രണ്ടു ഗോളുകൾ കൂടി അടിച്ചു കൂട്ടിയാണ് വിജയം നേടിയത്. സ്റ്റീഫൻ എൽ ഷെറാവി, ലോറെൻസോ പെല്ലഗ്രിനി എന്നിവരാണ് റോമക്കായി എക്‌സ്ട്രാ ടൈമിൽ ഗോളുകൾ നേടിയത്. ഇതോടെ രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകൾ നേടി റോമ സെമി ഫൈനലിലേക്ക് കടക്കുകയായിരുന്നു.
മത്സരത്തിൽ നാല്പത്തിയേഴു മിനുട്ട് മാത്രം കളിച്ച ഡിബാല അതിഗംഭീര പ്രകടനമാണ് നടത്തിയത്. ആറു ഷോട്ടുകൾ ഉതിർത്ത താരത്തിന്റെ മൂന്നു ഷോട്ടും ലക്ഷ്യത്തിലേക്ക് തന്നെയായിരുന്നു. മൂന്നു കീ പാസുകൾ നൽകിയ ഡിബാല ഒരു സുവർണാവസരം സൃഷ്‌ടിച്ചെടുക്കുകയും ചെയ്‌തു. ഈ സീസണിൽ റോമക്കായി മിന്നുന്ന ഫോമിൽ കളിക്കുന്ന താരം അതൊരിക്കൽ കൂടി ടീമിന് വേണ്ടി പുറത്തെടുത്തു.
Paulo Dybala's game by numbers vs Feyenoord:
— Olt Sports (@oltsport_) April 21, 2023
47 minutes played
38 touches
6 shots
3 duels won
3 chances created
3 shots on target
1 goal (Scored to level the tie)
0.31xG
LA JOYA 💥💎#RomaFeyenoord #UELpic.twitter.com/9MiNzzCn0U
സെമി ഫൈനലിൽ എത്തിയ റോമയുടെ എതിരാളികൾ ജർമൻ ക്ലബായ ബയേർ ലെവർകൂസനാണ്. സെമിയിൽ എത്തിയതോടെ തുടർച്ചയായ രണ്ടാം സീസണിലും യൂറോപ്യൻ കിരീടമെന്നെ നേട്ടത്തിന്റെ അരികിലാണ് റോമ. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ടീമിപ്പോൾ ലീഗിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്.