വീണ്ടും ഞെട്ടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ |Kerala Blasters

ടിക്കറ്റ് വില്പനയിൽ വീണ്ടും ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. സെപ്റ്റംബർ 21 ന് കൊച്ചിയിൽ നടക്കുന്ന പത്താം സീസൺ ഐഎസ്എൽ പോരാട്ടങ്ങളുടെ ടിക്കറ്റുകൾ എത്തിയതോടെ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ബ്ലാസ്റ്റേഴ്‌സ് ടിക്കറ്റുകൾ. ടിക്കറ്റ് വില്പന ആരംഭിച്ച് 10 മിനുട്ടിലാണ് മത്സരത്തിന്റെ ഈസ്റ്റ്‌ ഗാലറി ടിക്കറ്റുകൾ വിറ്റ് തീർന്നത്.

ക്ലബ്‌ ചരിത്രത്തിൽ ഒരു കിരീടം പോലും നേടാത്ത, സമീപ കാലത്തായി മോശം പ്രകടനത്തിലൂടെ കടന്ന് പോകുന്ന സഹചാര്യത്തിലാണ് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ ആദ്യ 10 മിനുറ്റിൽ തന്നെ ചൂടപ്പം പോലെ വിറ്റഴിയുന്നത്.

ഇക്കഴിഞ്ഞ സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരത്തിൽ പഞ്ചാബ് എഫ് സിയോടും യുഎഇ പ്രീ സീസൺ ടൂറിലെ ആദ്യ മത്സരത്തിൽ അൽ വസ്ലിനോടും പരാജയപെട്ടിരുന്നു. എന്നിട്ടും ബ്ലാസ്റ്റേഴ്‌സിനെ ആരാധകർ കൈ വിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ ഈസ്റ്റ്‌ ഗാലറി ടിക്കറ്റുകൾ ആദ്യ പത്ത് മിനുട്ടിൽ തന്നെ വിറ്റ് തീർന്നത്.

അതേ, സമയം ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് ബദ്ധവൈരികളായ ബംഗളുരു എഫ്സിയെയാണ് എന്നതും ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയാൻ കാരണമായി.ഏതായാലും, ടീമിനെ കൈ വിടാത്ത ഈ ആരാധകർക്കായി ഒരു കിരീടം നേടാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കട്ടെ..

Rate this post