ഈ സീസണിലെ ഏറ്റവും മികച്ച ബാഴ്സയെയാണ് യുവന്റസിനെതിരെ കണ്ടത്, കൂമാൻ പറയുന്നു.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ യുവന്റസിനെ കീഴടക്കിയത്. ഉസ്മാൻ ഡെംബലെയുടെ ഗോളും മെസ്സിയുടെ പെനാൽറ്റി ഗോളുമാണ് ബാഴ്സക്ക് വിജയം നേടികൊടുത്തത്. ബാഴ്സക്ക് ഗോളുകൾ നേടാനുള്ള അവസരങ്ങൾ അനവധി ലഭിച്ചിരുന്നുവെങ്കിലും അത് ഗോളാക്കി മാറ്റാൻ സാധിച്ചിരുന്നില്ല. മാത്രമല്ല ഗ്രീസ്മാന്റെ ചില ഷോട്ടുകൾ പോസ്റ്റിലിടിച്ചു പോവുകയും ചെയ്തിരുന്നു.
ഏതായാലും തന്റെ ടീമിന്റെ പ്രകടനത്തിൽ പൂർണ്ണസംതൃപ്തനാണ് പരിശീലകൻ കൂമാൻ. ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ടീമിന്റെ പ്രകടനത്തെ കുറിച്ച് മനസ്സ് തുറന്നത്. ഈ സീസണിലെ ബാഴ്സയുടെ ഏറ്റവും മികച്ച പ്രകടനമാണ് യുവന്റസിനെതിരെ കാണാനായത് എന്നാണ് കൂമാൻ അഭിപ്രായപ്പെട്ടത്.ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ഫെറെൻക്വെറോസിനെ ബാഴ്സ തകർത്തിരുന്നു.
Ronald Koeman labels Barcelona's Champions League win at Juventus as their best performance under him https://t.co/dILsoKnag8
— footballespana (@footballespana_) October 28, 2020
” ഒരു മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിച്ചെടുക്കുക എന്നുള്ളത് എപ്പോഴും പ്രാധ്യാന്യമർഹിക്കുന്ന ഒന്നാണ്. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ മുൻപന്തിയിൽ നിന്നിരുന്നത് ഞങ്ങളായിരുന്നു. ഒരു മികച്ച മത്സരങ്ങളാണ് ഞങ്ങൾ ഇന്ന് കളിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് അവസരങ്ങൾ ഞാൻ ഇന്ന് ഉണ്ടാക്കിയിരുന്നു. കുറച്ചു മുമ്പ് തന്നെ ഞങ്ങൾക്ക് വിജയം ഉറപ്പിക്കാനുള്ള സാധ്യതകൾ മത്സരത്തിൽ ഉണ്ടായിരുന്നു. ഈ സീസണിലെ ഏറ്റവും സമ്പൂർണമായ പ്രകടനമാണ് ഇന്ന് ബാഴ്സ കാഴ്ച്ചവെച്ചത് എന്നാണ് എനിക്ക് തോന്നുന്നത് ” കൂമാൻ പറഞ്ഞു.
ലാലിഗയിൽ മോശം ഫോമിൽ കളിക്കുന്ന ബാഴ്സക്ക് ഏറെ ആശ്വാസം പകരുന്ന വിജയമാണ് ഇന്നലത്തേത്. കഴിഞ്ഞ മൂന്ന് ലാലിഗ മത്സരത്തിലും വിജയിക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. ഇനി അലാവസ്, ബെറ്റിസ്, ഡൈനാമോ കീവ് എന്നിവരെയൊക്കെയാണ് ബാഴ്സക്ക് നേരിടാനുള്ളത്.