ലോകകപ്പ് ഫൈനലിന് മുൻപ് ഞാൻ കരയുകയായിരുന്നു, വൈകാരികമായ വെളിപ്പെടുത്തലുമായി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഹീറോയായി മാറിയ താരമാണ് എമിലിയാനോ മാർട്ടിനസ്. 2021ൽ മാത്രം അർജന്റീനക്കായി ആദ്യത്തെ മത്സരം കളിച്ച താരം അതിനു ശേഷം രണ്ടു വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ ടീമിന് സ്വന്തമാക്കി നൽകുന്നതിൽ നിർണായക പങ്കു വഹിച്ചു. ലയണൽ മെസിക്കൊപ്പം തന്നെ അർജന്റീനയുടെ കിരീടനേട്ടങ്ങളിൽ പങ്കുള്ള താരമെന്ന്‌ എമിലിയാനോയെ പലരും വിശേഷിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ലോകകപ്പിൽ രണ്ടു ഷൂട്ടൗട്ടുകളിലാണ് അർജന്റീനയെ എമിലിയാനോ മാർട്ടിനസ് രക്ഷപ്പെടുത്തിയത്. വളരെ ലാഘവത്വത്തോടെ, യാതൊരു സമ്മർദ്ദവും ഇല്ലാതെയാണ് പെനാൽറ്റി ഷൂട്ടൗട്ടുകളെ താൻ സമീപിക്കാറുള്ളതെന്നു കഴിഞ്ഞ ദിവസം പറഞ്ഞ താരം പക്ഷെ ലോകകപ്പ് ഫൈനലിന് മുൻപ് താൻ വളരെ വികാരാധീനനായെന്നും വെളിപ്പെടുത്തുകയുണ്ടായി.

“ലോകകപ്പ് ഫൈനലിന് മുൻപ് ലോക്കർ റൂമിലിരുന്ന് ഞാൻ കരയുകയായിരുന്നു. എന്തു തന്നെ സംഭവിച്ചാലും എനിക്കതിൽ വളരെയധികം അഭിമാനമുണ്ടെന്നും, എന്റെ ജീവിതം തന്നെ ഞാനീ മത്സരത്തിൽ നൽകുമെന്നും, പരിക്കേറ്റു പുറത്തു പോയില്ലെങ്കിൽ ഞാനെന്റെ എല്ലാം ടീമിനായി നൽകുമെന്നും സഹതാരങ്ങളോട് പറഞ്ഞിരുന്നു.”

“എല്ലാതിൽ നിന്നും മാറി, തമാശ കണ്ടെത്തുന്നത് പെനാൽറ്റി ഷൂട്ടൗട്ടിലാണ്. അതൊരു സമ്മർദ്ദമായി ഞാൻ കാണുന്നില്ല, രസകരമായ കാര്യമായാണ് കാണുന്നത്. കിക്കെടുക്കുന്ന വ്യക്തിയുടെ സമ്മർദ്ദം ഞാൻ എനിക്കനുകൂലമായി ഉപയോഗിക്കും. വാൻ ഡൈക്ക് ഉയർത്തി പെനാൽറ്റി അടിക്കുന്നത് ഞാൻ മുൻപ് കണ്ടിട്ടുണ്ട്. അത് തടുക്കാൻ സ്ട്രെച്ച് ചെയ്‌ത്‌ എനിക്ക് പരിക്ക് പറ്റിയത് ഇപ്പോഴും വേദനയുണ്ട്.”

വെറും ഇരുപത്തിമൂന്നു മത്സരങ്ങൾ മാത്രം അർജന്റീന ടീമിനായി കളിച്ച് മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ എമിലിയാനോ മാർട്ടിനസ് ദേശീയ ടീമിൽ ഇനിയും നേട്ടങ്ങൾ സ്വന്തമാക്കണമെന്ന് വ്യക്തമാക്കി. ടീമിൽ എന്നെ കാണാൻ ആളുകൾ ആഗ്രഹിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ലോകകപ്പ് നേടിയതിൽ അവരുടെ സന്തോഷം കാണാനാണ് കൂടുതൽ സംതൃപ്‌തിയെന്നും താരം പറഞ്ഞു.

3.7/5 - (3 votes)