“ഇത് തന്റെ ഏറ്റവും മികച്ച സീസൺ” – സഹൽ

ഫറ്റോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ജാംഷെഡ്പൂരിനെതിരെയുള്ള നിർണായക സെമിഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ വിജയത്തിലെത്തിച്ചത് മലയാളിയായ സഹൽ അബ്ദുൽ സമദാണ് .38ആം മിനുട്ടിൽ അൽവാരോയുടെ പാസ് ക്ലിയർ ചെയ്യുന്നതിൽ ജാംഷെഡ്പൂർ ഡിഫെൻസിന് പിഴച്ചപ്പോൾ ലൈൻ വിട്ട് കയറി വന്ന രഹ്നേഷിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ഗോൾ പോസ്റ്റിലേക്ക് കോരിയിട്ട് മനോഹരമായൊരു ഫിനിഷിങ്ങിലൂടെയാണ് സഹൽ മഞ്ഞപ്പടയെ മുന്നിൽ എത്തിച്ചത്.

“അതെ, സത്യം പറഞ്ഞാൽ, ഞാൻ ആ പന്ത് പ്രതീക്ഷിച്ചു. ഞാൻ ഓട്ടം നടത്തി, എനിക്ക് പന്ത് എന്റെ തൊട്ടുമുമ്പിൽ ലഭിച്ചു. ഗോൾ നേടിയതിനും ടീമിനെ സഹായിച്ചതിനും ദൈവത്തോട് നന്ദിയുണ്ട്. ഇപ്പോൾ ഒന്നും അവസാനിച്ചിട്ടില്ല, ഞങ്ങൾക്ക് ഇനിയും ഒരു പകുതി പോകാനുണ്ട്. ഞങ്ങൾ കഠിനാധ്വാനം തുടരും, അടുത്ത മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ”മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ സഹൽ പറഞ്ഞു. ഈ ഗോളോടെ ഈ സീസണിലെ തന്റെ ഗോളുകളുടെ എണ്ണം ഒരു അസിസ്റ്റിനൊപ്പം ആറായി ഉയർത്താനും സഹലിനായി മാറി.

അഡ്രിയാൻ ലൂണ, ജോർജ് ഡയസ്, വാസ്‌ക്വസ് എന്നിവരുടെ ഒപ്പം കളിക്കുന്നതിനെക്കുറിച്ചും സഹൽ പറഞ്ഞു.“അതെ, വിദേശികളും പരിചയസമ്പന്നരുമായ കളിക്കാരുമായി കളിക്കുന്നത് വളരെ എളുപ്പമാണ്, പ്രത്യേകിച്ച്, ടീമിലെ അൽവാരോ, ഡയസ്, ലൂണ. അവർ എപ്പോഴും നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നു.ചെറിയ ഭാഗങ്ങളിൽ പോലും എല്ലാ വിധത്തിലും അവർ നമ്മെ സഹായിക്കുന്നു. വാസ്കസ് തന്ന പാസ് താൻ പ്രതീക്ഷിച്ചിരുന്നു എന്നും ഇത് പരിശീലന സമയത്ത് ചെയ്യാറുണ്ട് എന്നും യുവതാരം പറഞ്ഞു.

മാർച്ച് 15 ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വീണ്ടും കളത്തിലിറങ്ങും.