സമനിലയുമായി രക്ഷപെട്ട് മാഞ്ചസ്റ്റർ സിറ്റി , ലെവെൻഡോസ്കി പോയാലും ഗോളടി നിർത്താതെ ബയേൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയിൽ നിന്നും രക്ഷപെട്ട് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ പിന്നിൽ നിന്ന ശേഷം ന്യൂ കാസിൽ യൂണൈറ്റഡിനോട് സമനിലയുമായി തടിതപ്പുകയായിരുന്നു സിറ്റി. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്.
ഒരു ഘട്ടത്തിൽ ന്യൂ കാസിൽ 3 -1 നു മുന്നിലായിരുന്നെങ്കിലും സിറ്റി രണ്ടു ഗോൾ തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. മത്സരം തുടങ്ങി അഞ്ചാം മിനുട്ടിൽ ഗുണ്ടോഗൻ നേടിയ ഗോളിൽ സിറ്റി മുന്നിലെത്തി. 28ആം മിനുട്ടിൽ മാക്സിമിൻ നൽകിയ ക്രോസ് ലക്ഷ്യത്തിലെത്തിച്ച് ആൽമിറോൺ ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു. 39 ആം മിനുട്ടിൽ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് ന്യൂ കാസിൽ ലീഡ് നേടി.മാക്സിമന്റെ പാസിൽ നിന്നും കാലം വിൽസൺ ആണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ സിറ്റിയുടെ തിരിച്ചു വരവ് പ്രതീക്ഷ തകർത്തുകൊണ്ട് ഇംഗ്ലീഷ് താരം ട്രിപ്പിയർ നേടിയ മനോഹരമായ ഫ്രീകിക്ക് ഗോളിൽ ന്യൂ കാസിൽ സ്കോർ 3 -1 ആക്കി ഉയർത്തി.എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത സിറ്റി 60 ആം മിനുട്ടിൽ ഹാലാണ്ടിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. 64 ആം മിനുട്ടിൽ കെവിൻ ഡി ബ്രുയിന്റെ മനോഹര പാസിൽ നിന്നും സിൽവ സിറ്റിയുടെ സമനില ഗോൾ നേടി.കളിയുടെ അവസാനം വരെ രണ്ട് ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
ജർമൻ ബുണ്ടസ്ലീഗയിൽ ഗോൾ വര്ഷവുമായി ബയേൺ മ്യൂണിക്ക് .ഇന്ന് നടന്ന മത്സരത്തിൽ ബോക്കത്തിന്റെ എതിരില്ലാത്ത ഏഴു ഗോളിനാണ് ബയേൺ പരാജയപ്പെടുത്തിയത്.ലെറോയ് സാനെ (4′)മത്തിജ്സ് ഡി ലിഗ്റ്റ് (25′)കിംഗ്സ്ലി കോമാൻ (33′)സാഡിയോ മാനെ (42′, 60′ PEN) ക്രിസ്റ്റ്യൻ ഗാംബോവ (69′ OG) സെർജ് ഗ്നാബ്രി (76′) എന്നിവരാണ് ബയേൺ മ്യൂണിക്കാനായി ഗോൾ നേടിയത്. മുൻ ലിവർപൂൾ താരം സാദിയോ മാനെ രണ്ടു ഗോളുമായി ലെവെൻഡോസ്കിയുടെ വിടവ് നികത്തി.