“ചെൽസിയടക്കമുള്ള ഇംഗ്ലീഷ് ക്ലബുകളിൽ ഇതൊരിക്കലും സംഭവിക്കില്ല”- മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വിമർശനം

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിവിനല്ല, ഇംഗ്ലണ്ട് താരങ്ങൾക്കാണ് ടീം തിരഞ്ഞെടുപ്പിൽ മുൻഗണന നൽകുന്നതെന്ന വിമർശനം നടത്തി എറിക് ബെയ്‌ലി. കഴിഞ്ഞ സീസൺ വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലുണ്ടായിരുന്ന ബെയ്‌ലി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലോൺ കരാറിൽ ഫ്രഞ്ച് ക്ലബായ മാഴ്‌സയിലേക്ക് ചേക്കേറിയിരുന്നു. ഇരുപത്തിയെട്ടു വയസുള്ള ഐവറി കോസ്റ്റ് താരത്തിന്റെ വിമർശനം ടീമിന്റെ മുൻ നായകനായ ഹാരി മാഗ്വയറിനെ ഉദ്ദേശിച്ചാണെന്നതു വ്യക്തമാണ്.

“ഇംഗ്ലീഷ് താരങ്ങൾക്ക് പരിഗണന നൽകുന്നത് ഒഴിവാക്കി എല്ലാവര്ക്കും അവസരം നൽകണം. ഡ്രസിങ് റൂമിലെ മത്സരങ്ങളെ എല്ലായിപ്പോഴും പ്രോത്സാഹിപ്പിക്കുക, ഏതെങ്കിലും ഒരാളെ മാത്രം നോക്കുകയല്ല വേണ്ടത്. ദേശീയ ടീമിലെ താരങ്ങളെ എല്ലായിപ്പോഴും പരിഗണിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ചെൽസിയോ, പ്രീമിയർ ലീഗിലെ മറ്റേതെങ്കിലും വലിയ ടീമിന്റെ ഇതൊരിക്കലും സംഭവിക്കില്ല.” ബെയ്‌ലി പറഞ്ഞത് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു.

“ഞങ്ങൾ എന്തായാലും മത്സരത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ചില താരങ്ങൾക്ക് ഉറപ്പുണ്ട്, അതു ടീമിനെ ദുർബലപ്പെടുത്തുന്നു. ഭാഗ്യവശാൽ എറിക് ടെൻ ഹാഗിന് മികച്ചൊരു വ്യക്തിത്വമുണ്ട്, താരം ടീമിൽ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് ഞാൻ കരുതുന്നു.” 2016ൽ സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിൽ നിന്നും മുപ്പതു മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ഐവേറിയൻ താരം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം പരിക്കുകൾ വേട്ടയാടിയ താരമായിരുന്നു എറിക് ബെയ്‌ലി. 2019ൽ റെക്കോർഡ് ട്രാൻസ്‌ഫറിൽ ഹാരി മാഗ്വയർ ടീമിലെത്തിയതിനു ശേഷം ബെയ്‌ലിയുടെ അവസരങ്ങൾ വളരെ കുറഞ്ഞിരുന്നു. മഗ്വയർ നിരന്തരം പിഴവുകൾ വരുത്തുന്ന താരമായിട്ടു കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇലവനിൽ താരത്തിന്റെ സ്ഥാനം സ്ഥിരമായിരുന്നു. ലൂക്ക് ഷാ, വാൻ ബിസാക്ക, റാഷ്‌ഫോർഡ് എന്നീ ഇംഗ്ലീഷ് താരങ്ങളും സോൾഷെയറിന്റെ മൂന്നു വർഷത്തിൽ ടീമിൽ സ്ഥിരമായിരുന്നു.

അതേസമയം എറിക് ടെൻ ഹാഗ് ടീമിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. മേൽപ്പറഞ്ഞ താരങ്ങളിൽ മാർക്കസ് റാഷ്‌ഫോഡ് മാത്രമാണ് എറിക് ടെൻ ഹാഗിന്റെ ടീമിലെ സ്ഥിരസാന്നിധ്യം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ വരെ ബെഞ്ചിൽ ഇരുത്താൻ മടിയില്ലാത്ത ഡച്ച് പരിശീലകനു കീഴിൽ ടീം പുതിയൊരു ദിശാബോധം വീണ്ടെടുക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

Rate this post