യൂറോപ്പ ലീഗ് മത്സരത്തിനു മുൻപ് റൊണാൾഡോയുടെ കാര്യത്തിൽ നിർണായക തീരുമാനമെടുത്ത് എറിക് ടെൻ ഹാഗ്

യുവേഫ യൂറോപ്പ ലീഗ് മത്സരത്തിൽ സ്‌പാനിഷ്‌ ക്ലബായ റയൽ സോസിഡാഡിനെ നേരിടാൻ ഒരുങ്ങി നിൽക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മത്സരത്തിൽ കളിപ്പിക്കുന്ന കാര്യത്തിൽ നിർണായകമായ തീരുമാനമെടുത്തത് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ച ആറു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ റൊണാൾഡോയെ റയൽ സോസിഡാഡിനെതിരെ ടെൻ ഹാഗ് സ്റ്റാർട്ട് ചെയ്യിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമം ദി മിറർ റിപ്പോർട്ടു ചെയ്യുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമങ്ങൾ നടക്കാതെ ടീമിലെത്തിയ റൊണാൾഡോ ബ്രെന്റഫോഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽവി വഴങ്ങുകയും ചെയ്‌തു. അതിനു ശേഷം ആഴ്‌സണലിനെതിരെയടക്കം തുടർച്ചയായ നാല് മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചപ്പോൾ അതിലെല്ലാം റൊണാൾഡോ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്.

എന്നാൽ റയൽ സോസിഡാഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ ഇലവനിൽ തന്നെ ഇടം നൽകാനാണ് എറിക് ടെൻ ഹാഗിന്റെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. റൊണാൾഡോക്കു പുറമെ ടീമിന്റെ മുൻ നായകനായ ഹാരി മാഗ്വയറിനും മത്സരത്തിൽ ആദ്യ ഇലബനിൽ ഇടം ലഭിച്ചേക്കും. കഴിഞ്ഞ സീസണിൽ ടീമിലെ സ്ഥിരം സ്റ്റാർട്ടർ ആയിരുന്ന ഇംഗ്ലണ്ട് താരം ഈ സീസണിൽ ആകെ മൂന്നു മത്സരങ്ങളിലെ ഇറങ്ങിയിട്ടുള്ളൂ. അതിൽ ഒരു മത്സരത്തിൽ പകരക്കാരനുമായിരുന്നു മാഗ്വയർ.

റൊണാൾഡോയെയും ഹാരി മാഗ്വയറിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ ടീമിനെ ഇറക്കുന്ന എറിക് ടെൻ ഹാഗിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കഴിഞ്ഞ നാല് മത്സരങ്ങളിലും അവർ നേടിയ വിജയം തെളിയിക്കുന്നു. ഭാവിയിലേക്ക് ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ടെൻ ഹാഗ് അതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഈ രണ്ടു താരങ്ങൾക്കു പുറമെ റയൽ മാഡ്രിഡിൽ നിന്നുമെത്തിയ കസമീറോയും ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും.

റൊണാൾഡോയെ സംബന്ധിച്ച് കരിയറിൽ ആദ്യമായാണ് യൂറോപ്പ ലീഗ് മത്സരത്തിൽ കളിക്കാനിറങ്ങുന്നത്. സ്പോർട്ടിങ് ലിസ്ബണിൽ കരിയർ തുടങ്ങിയ കാലം മുതൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചിട്ടുള്ള റൊണാൾഡോയുടെ യൂറോപ്പ ലീഗിലെ പ്രകടനം ആരാധകർ കാത്തിരിക്കുകയും ചെയുന്നു. മികച്ച പ്രകടനം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ സ്ഥിരം സാന്നിധ്യമാകാനാവും റൊണാൾഡോ ശ്രമിക്കുക.

Rate this post