അൻസു ഫാറ്റിക്കു വേണ്ടിയുള്ള ലോകറെക്കോർഡ് തുകയുടെ ഓഫർ ബാഴ്സ നിരസിച്ചു

കൗമാരതാരം അൻസു ഫാറ്റിക്കു വേണ്ടിയുള്ള 150 മില്യൺ യൂറോയുടെ ഓഫർ ബാഴ്സലോണ നിരസിച്ചു. താരത്തിന്റെ പുതിയ ഏജൻറായ ജോർജ് മെൻഡസ് ഓഫറിനെക്കുറിച്ച് ബാഴ്സയെ അറിയിച്ചെങ്കിലും പതിനേഴുകാരനായ താരത്തെ വിൽക്കാനില്ലെന്ന് ക്ലബ് തീർത്തു പറയുകയായിരുന്നു. സ്പാനിഷ് മാധ്യമം മാർക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

125 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസും 25 മില്യൺ താരത്തിന്റെ പ്രകടനം കണക്കാക്കിയുള്ള ആഡ് ഓണുമായാണ് ഓഫർ വന്നത്. എന്നാൽ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ചർച്ചകൾക്കു പോലുമില്ലെന്ന് ബാഴ്സ വ്യക്തമാക്കി.

ഓഫർ നൽകിയ ക്ലബിന്റെ വിവരം പുറത്തു വന്നിട്ടില്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് അൻസു ഫാറ്റിയിൽ താൽപര്യമുണ്ടെന്ന ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഇതുമായി ചേർത്തു പറയുന്നുണ്ട്. ആഴ്ചകൾക്കു മുൻപ് ബാഴ്സലോണ ഫസ്റ്റ് ടീം താരമായ ഫാറ്റിയുടെ റിലീസ് ക്ലോസ് 400 മില്യൺ യൂറോയായി ഉയർന്നിരുന്നു.