ലയണൽ മെസിയുമായി ബന്ധപ്പെട്ട പരാതി, ബാഴ്‌സലോണ ആരാധകർക്കെതിരെ വിധിയുമായി യൂറോപ്യൻ കോടതി
ലയണൽ മെസി ക്ലബ് വിട്ടത് ബാഴ്‌സലോണ ആരാധകർക്ക് ഇന്നും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. ചെറുപ്പം മുതൽ തന്നെ ബാഴ്‌സലോണയിൽ കളിക്കുന്ന ലയണൽ മെസിയെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പുതിയ കരാർ നൽകാൻ കഴിയാതെയാണ് ക്ലബ് വിട്ടു കളഞ്ഞത്. എന്നാൽ എന്നെങ്കിലും മെസി തിരിച്ച് ബാഴ്‌സലോണയിലേക്ക് വരുമെന്നാണ് ഓരോ ആരാധകനും പ്രതീക്ഷിക്കുന്നത്.
അതിനിടയിൽ ലയണൽ മെസിയുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ ആരാധകർ ഒരു പരാതിയും നൽകിയിരുന്നു. ബാഴ്‌സലോണ വിട്ട ലയണൽ മെസിയെ പിഎസ്‌ജി സ്വന്തമാക്കിയത് നേർവഴിക്കല്ലെന്നും ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ക്ലബ്ബിനെ സാഹായിച്ചുവെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്. ഇതിൽ വ്യക്തത വരുത്താൻ ഒരു യൂറോപ്യൻ കമ്മീഷൻ അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
എന്നാൽ ബാഴ്‌സലോണ ആരാധകരുടെ ഈ പരാതി ലക്‌സംബർഗിലെ കോടതി തള്ളിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. യൂറോപ്യൻ കമ്മീഷൻ ആരാധകരുടെ പരാതി ഗൗരവമായി എടുക്കേണ്ടതില്ലെന്നും ആരാധകർ ആവശ്യപ്പെട്ടതു പോലെ പിഎസ്‌ജി അന്യായമായ ഇടപാടുകൾ നടത്തിയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കുന്നു.
പിഎസ്‌ജിക്ക് ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ബാധകമല്ലേയെന്ന് പല ഭാഗത്തു നിന്നും ഉയർന്നിട്ടുള്ള ചോദ്യമാണ്. ലാ ലിഗ മേധാവിയായ ടെബാസ് സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ക്ലബുകൾ വളരെയധികം പണം താരങ്ങൾക്കായി മുടക്കുന്ന പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി ക്ലബുകൾക്കെതിരെ പലപ്പോഴും രംഗത്തു വന്നിട്ടുണ്ട്. സമാനമായൊരു നീക്കമാണ് ബാഴ്‌സലോണ ആരാധകരും നടത്തിയതെങ്കിലും അതിൽ വിജയം കണ്ടില്ല.
FC Barcelona fans tried to get a European Union court to take action against star footballer Lionel Messi's 2021 transfer to rival club Paris Saint-Germain.
— POLITICOEurope (@POLITICOEurope) February 8, 2023
They failed.https://t.co/3JzrE3JJYf
സമാനമായൊരു പരാതി ആരാധകരുടെ സംഘം ഫ്രാൻസിലെ ഒരു കോടതിയിലും ഫയൽ ചെയ്‌തിട്ടുണ്ട്. അതിൽ ഇതുവരെയും വിധി പ്രസ്‌താവിച്ചിട്ടില്ല. അതേസമയം ലയണൽ മെസി ബാഴ്‌സയിലേക്ക് മടങ്ങി വരുന്ന കാര്യത്തിൽ ആരാധകർക്കിപ്പോൾ ചെറിയൊരു പ്രതീക്ഷയുണ്ട്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന മെസി അത് പുതുക്കാത്തതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.