“കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഗോവ” |kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ റിസേർവ് ടീമുകൾ പങ്കെടുക്കുന്ന ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം. ഇന്ന് നടന്ന മത്സരത്തിൽ എഫ്സി ​ഗോവയുടെ റിസർവ് ടീമാണ് ബ്ലാസ്റ്റേഴ്സിന്റെ റിസർവ് പടയെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

ലീ​ഗിൽ നേരത്തെ നടന്ന നാല് മത്സരങ്ങളിലും വിജയം നേടിയതിന്റെ മികവുമായാണ് ബ്ലാസ്റ്റേഴ്സ് ​ഗോവയ്ക്ക് മുന്നിലെത്തിയത്. നിഹാലിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആദ്യ ​ഗോൾ നേടിയതും. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ജൊവിയൽ ഡയസിലൂടെ ​ഗോവ ഒപ്പമെത്തി. ഡെവ്‌ലപ്മെന്റ് ലീ​ഗിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായി വഴങ്ങിയ ​ഗോളായിരുന്നു ഇത്.

ആദ്യ പകുതിയിൽ 1-1 സമനിലയിൽ പിരിഞ്ഞ മത്സരം രണ്ടാം പകുതിൽ 85 മിനുട്ട് വരെ അതുപോലെ തുടർന്നു. എന്നാൽ തൊട്ടടുത്ത നിമിഷം ജോവിയൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ ഗോവ മുന്നിലെത്തി. എഫ്.സി ഗോവ നടത്തിയ കൗണ്ടർ അറ്റാക്കിലൂടെ ബ്രിസൺ കൂടെ ഗോൾ കണ്ടെത്തിയതോടെ ഗോവ രണ്ട് ഗോളിന്റെ ലീഡും വിജയവും കരസ്ഥമാക്കുകയായിരുന്നു.

ലീഗിൽ 5 മത്സരങ്ങളിൽ നിന്നും ഗോവയുടെ രണ്ടാം വിജയമാണിത്. നിലവിൽ 5 മത്സരങ്ങളിൽ 4 വിജയവും 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അഞ്ചിൽ അഞ്ചും വിജയിച്ച ബെംഗളൂരു എഫ്.സിയാണ് 15 പോയിന്റുമായി പട്ടികയിൽ ഒന്നാമത്. മെയ് 8ന് റിലയൻസ് ഫൗണ്ടേഷൻ ടീമിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ഏപ്രില്‍ 15ന് ആരംഭിച്ച ആര്‍ എഫ് ഡി എല്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 12 വരെ നീണ്ടുനില്‍ക്കും. ഏഴ് ഐ എസ് എല്‍ ക്ലബ്ബുകളുടെ അണ്ടര്‍ 23 ടീമുകളും റിലൈന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സും (ആര്‍ എഫ് വൈ സി) ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം ഹൈദാരാബാദ് എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ചെന്നൈയിന്‍ എഫ് സി, ജംഷഡ്പുര്‍ എഫ് സി ടീമുകളാണ് ഐ എസ് എല്ലില്‍ നിന്നുള്ളത്.

Rate this post