ഞങ്ങളെ നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്, വീണുപോവില്ലെന്ന് ബാഴ്സലോണ താരം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ബെൽജിയം ലീഗിൽ കളിക്കുന്ന ആന്ത്വര്പ് ക്ലബ്ബിനോട് അവരുടെ സ്റ്റേഡിയത്തിൽ വച്ച് എഫ് സി ബാഴ്സലോണ പരാജയപ്പെട്ടു. ഗ്രൂപ്പ് റൗണ്ടിലെ അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ടീമിനോടാണ് എഫ് സി ബാഴ്സലോണ അവസാന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി അറിഞ്ഞത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ബാഴ്സലോണക്കെതിരെ ബെൽജിയം ക്ലബ്ബ് വിജയഗോൾ നേടുന്നത്.

ബെൽജിയം ക്ലബ്ബിനോട്‌ മത്സരം പരാജയപ്പെട്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബാഴ്‌സലോണ പരിശീലകനും സ്പാനിഷ് താരമായ ഫെറാൻ ടോറസും തങ്ങളുടെ വാക്കുകൾ രേഖപ്പെടുത്തി. “നമ്മൾ സ്വയം വിമർശനം നടത്തണം, പക്ഷേ നമുക്ക് മുന്നിൽ എപ്പോഴും അവസരങ്ങൾ ഉണ്ട്. നമ്മൾ എവിടെ നിന്നാണ് വരുന്നത് എന്ന് നമ്മൾ ചിന്തിക്കണം. അവസാന വർഷത്തേക്കാൾ മികച്ച മെന്റാലിറ്റിയോടെയാണ് ഈ സീസണിൽ നമ്മൾ കളിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. ” – എഫ് സി ബാഴ്സലോണ പരിശീലകനായ സാവി ഹെർണാണ്ടസ് പ്രതികരിച്ചു.

“നമുക്കറിയാം ബാഴ്സലോണ എന്നാൽ എങ്ങനെയാണെന്ന്.. പുറത്തു നടക്കുന്ന ഈ ബഹളങ്ങളെ കുറിച്ച് എല്ലാം ഞങ്ങൾക്കറിയാം. അവർ നമ്മളെ നശിപ്പിക്കാനും നമ്മളിൽ സമ്മർദ്ദം ചെലുത്താനും ശ്രമിക്കുകയാണ്. ഞങ്ങൾ സാവിക്കൊപ്പം ആണ്.” – എഫ് സി ബാഴ്സലോണയുടെ സ്പാനിഷ് താരമായ ഫെറാൻ ടോറസ് പ്രതികരിച്ചു. മത്സരത്തിൽ എഫ് സി ബാഴ്സലോണയുടെ ആദ്യഗോൾ നേടിയത് ഫെറാൻ ടോറസ് ആയിരുന്നു. എങ്കിലും മത്സരത്തിൽ ബാഴ്സലോണ അവസാനം വെച്ച് പരാജയപ്പെട്ടു.

രണ്ടാം മിനിറ്റിൽ ഗോൾ നേടി ലീഡ് എടുത്ത ഹോം ടീമിന്റെ ഗോളിന് മറുപടിയായാണ് ടോറസിന്റെ 35 മിനിറ്റ്ലെ ഗോൾ വരുന്നത്. 56 മിനിറ്റിൽ വീണ്ടും ഹോം ടീം ലീഡ് നേടി. അവസാന നിമിഷം വരെ ബെൽജിയം ക്ലബ്ബ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിക്കുമെന്ന് തോന്നിയെങ്കിലും 91 മിനിറ്റിൽ സമനില ഗോൾനേടി ബാഴ്സലോണ തിരിച്ചുവന്നു. എന്നാൽ അടുത്ത നിമിഷം തന്നെ 92 മിനിറ്റിൽ ബെൽജിയം ക്ലബ്ബ് തങ്ങളുടെ വിജയഗോൾ സ്വന്തമാക്കി മത്സരം തങ്ങൾക്ക് അനുകൂലമായി 3 – 2 സ്കോറിനു അവസാനിപ്പിച്ചു.

Rate this post