ഫിഫ വിലക്കിൽ വലിയ തിരിച്ചടി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് , വിദേശ താരത്തെ സൈൻ ചെയ്യാൻ സാധിക്കില്ല
ഫിഫയുടെ വിലക്ക് ഇന്ത്യൻ ഫുട്ബോളിനെ പല വിധത്തിലാണ് ബാധിക്കാൻ പോകുന്നത്.അന്താരാഷ്‌ട്ര മത്സരങ്ങൾ ആതിഥേയത്വം വഹിക്കുന്നതിനുള്ള വിലക്ക് മുതൽ ക്ലബ്ബ് മത്സരങ്ങൾക്കായി വിദേശ കളിക്കാരെ സൈൻ ചെയ്യുന്നത് വരെയുള്ള കാര്യങ്ങളെ ഫിഫയുടെ വിലക്ക് ബാധിക്കും.
ഈ സസ്പെൻഷന്റെ ആഘാതം ഗുരുതരമായേക്കാം. അണ്ടർ 17 വനിതാ ലോകകപ്പിന്റെ ആതിഥേയാവകാശം നഷ്‌ടപ്പെടുന്നതാണ് ആദ്യത്തെ വലിയ തിരിച്ചടി. ദേശീയ ടീമിനും മത്സരങ്ങൾ കളിക്കാൻ സാധിക്കില്ല. എന്നാൽ ഇന്ത്യയിലെ പ്രധാന ലീഗുകളായ ഐ എസ് എല്ലും ഐ ലീഗും എ ഐ എഫ് എഫിന്റെ കീഴിൽ ആയത് കൊണ്ട് ഈ വിലക്ക് നേരിട്ട് ബാധിക്കില്ല. പക്ഷെ ഇതിൽ കളിക്കുന്ന ക്ലബ്ബുകൾക്ക് പുതിയ താരങ്ങളെ സൈൻ ചെയ്യാൻ സാധിക്കുകയില്ല.
ഈ വിലക്ക് കേരള ബ്ലാസ്റ്റേഴ്സിനെയും കാര്യമായി ബാധിക്കും , കാരണം ആറാമത്തെ വിദേശ താരത്തെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് കേരള ക്ലബ്. ഐഎസ്എൽ കളിക്കുന്ന ക്ലബ്ബുകളിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയാണ് ഇത് കൂടുതൽ ബാധിക്കുക, കാരണത്തെ അവർ ഇതുവരെയും ഒരു വിദേശ താരത്തെ സ്വന്തമാക്കിയിട്ടില്ല. വിലക്ക് വന്നതോടെ ഐ എസ് എല്ലിന് ലഭിച്ചിരുന്ന എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യതയും എ എഫ് സി കപ്പ് യോഗ്യതയും ഇനി കിട്ടുകയില്ല.എഎഫ്സി കപ്പ് യോഗ്യത നേടിയിരുന്ന എടികെ മോഹൻ ബഗാൻ ടൂർണമെൻ്റിൽ നിന്ന് പുറത്താവും.
പുതിയ വിദേശ താരങ്ങളുടെ രജിസ്ട്രേഷനും ഐ എസ് എൽ ക്ലബ്ബുകൾക്ക് വിനയാകും. ഫിഫ വിലക്ക് ഉള്ളതിനാൽ പുതിയ വിദേശ താരങ്ങളുടെ രജിസ്ട്രേഷൻ നടക്കില്ല എന്നാണ് റിപ്പോർട്ടുകൾ. താരങ്ങളുമായി കരാർ ഒപ്പിടാമെങ്കിലും രജിസ്ട്രേഷൻ നടക്കില്ല. രജിസ്ട്രേഷൻ നടന്നെങ്കിലേ താരങ്ങൾക്ക് കളിക്കാനാവൂ. ഫുട്ബോളിന്റെ മിക്കവാറും എല്ലാ മേഖലകളിലും വിലക്ക് സ്വാധീനം ചെലുത്തും. സീനിയർ ദേശീയ ടീമിനും അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയേക്കാം.
വിലക്ക് വന്നതോടെ ഗോകുലം കേരളയ്ക്ക് ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആകില്ല. അവർ ഇന്നലെ ആയിരുന്നു ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഉസ്ബെകിസ്താനിലേക്ക് യാത്ര തിരിച്ചത്. ഇനി ഗോകുലത്തിന്റെ വനിതാ ടീം ടൂർണമെന്റ് കളിക്കാൻ ആകാതെ നിരാശയോടെ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.ഇത്തവണ മികച്ച രീതിയിൽ ഒരുങ്ങി കൊണ്ടായിരുന്നു ഗോകുലം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയത്. അവർ വലിയ വിദേശ സൈനിംഗുകളും നടത്തിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ആകാത്തത് ഗോകുലത്തിന് കടുത്ത സാമ്പത്തിക നഷ്ടവും നൽകും.