ഫ്ലോറന്റീനോ പെരസ് റൂമിലടച്ചിട്ടു ഭീഷണിപ്പെടുത്താൻ ശ്രമിച്ചു, വിവാദ വെളിപ്പെടുത്തലുമായി മുൻ റഫറി

റഫറിമാരെ വരുതിയിലാക്കാൻ പണം നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട ബാഴ്‌സലോണ വിവാദങ്ങളുടെ നടുവിലാണ്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. 2001 മുതൽ 2018 വരെയുള്ള കാലയളവിൽ റഫറിമാരുടെ അസോസിയേഷൻ വൈസ് പ്രസിഡന്റിന്റെ കമ്പനിയിലേക്ക് ബാഴ്‌സലോണ ഒൻപതു മില്യൺ യൂറോയോളം നൽകിയെന്ന കുറ്റമാണ് ചുമത്തപ്പെട്ടത്.

ബാഴ്‌സലോണക്കെതിരെ ആദ്യം ആരോപണം ഉയർന്ന സമയത്ത് റയൽ മാഡ്രിഡ് അതിനോട് യാതൊരു തരത്തിലും പ്രതികരിച്ചിരുന്നില്ല. എന്നാൽ കുറ്റം ചുമത്തപ്പെട്ടതിനു ശേഷം അവർ അടിയന്തിരയോഗം ചേരുകയും സംഭവത്തിൽ സാക്ഷികളാകാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ റയൽ മാഡ്രിഡും കുരുക്കിലേക്ക് പോകുന്നതാണ് ഇപ്പോൾ കാണുന്നത്.

1995 മുതൽ 2012 വരെ ലാ ലിഗ റഫറിയായിരുന്ന എഡ്‌വേർഡോ ഗോൺസാലെസ് കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. റയൽ മാഡ്രിഡും ഡീപോർറ്റീവോയും തമ്മിൽ നടന്ന ഒരു മത്സരത്തിന് ശേഷം ഇപ്പോഴത്തെ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തന്നെയൊരു റൂമിൽ അടച്ചിടാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

മത്സരത്തിന് ശേഷം മൈതാനം വിട്ട തന്നെ സ്റ്റേഡിയത്തിലെ ഒരു റൂമിലേക്ക് പെരസ് കൊണ്ടു പോയെന്നും അവിടെ വെച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ബാഴ്‌സലോണയ്ക്ക് വേണ്ടി വിസിൽ മുഴക്കുന്നത് പോലെ തങ്ങൾക്ക് വേണ്ടിയും ചെയ്യണമെന്നാണ് പെരസ് പറഞ്ഞതെന്നും ഇതിനെതിരെ പരാതി നൽകിയിട്ട് നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

ബാഴ്‌സലോണ റഫറിയിങ് വിവാദത്തിൽ ഉൾപ്പെട്ട സമയത്ത് റയൽ മാഡ്രിഡിനെതിരെയും ആരോപണം വന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ രണ്ടു ക്ലബുകളും റഫറിമാരെ സ്വാധീനിക്കാറുണ്ടെന്നു തന്നെയാണ് ഇതിൽ നിന്നും അനുമാനിക്കാവുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ബിൽബാവോ ആരാധകർ ബാഴ്‌സലോണക്കെതിരെ പ്രതിഷേധം നടത്തുകയും ചെയ്‌തിരുന്നു.

Rate this post