ലിയോ മെസ്സിയുടെ സൈനിങ്ങിന് പിന്നാലെ ഇന്റർ മിയാമി സെമിയിൽ, ഇനി മെസ്സിയുടെ കാലുകളിലാണ് പ്രതീക്ഷകൾ

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി തന്റെ കരിയറിന്റെ അടുത്ത ചുവട് വെപ്പായി ഏറ്റെടുത്തത് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയാണ്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി ക്ലബ്ബ് മേജർ സോക്കർ ലീഗിന്റെ ഈസ്റ്റേൻ സൈഡിലെ ലീഗിലാണ് പന്ത് തട്ടുന്നത്.

ലിയോ മെസ്സിയുടെ സൈനിങ് പ്രഖ്യാപനം വന്നതിന് പിന്നാലെ ഇന്റർ മിയാമിയുടെ ഹോം, എവേ മത്സരങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റ് വിലയിലും പത്തിരട്ടിയിലേറെ വർദ്ദനവാണ് ഉണ്ടായിരിക്കുന്നത്. എങ്കിൽ പോലും സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾക്കുള്ള എല്ലാ ടിക്കറ്റുകളും ഇതിനകം വിറ്റുപോയിട്ടുണ്ട്.

നിലവിൽ 16 മത്സരങ്ങളിൽ അഞ്ച് മത്സരങ്ങൾ മാത്രം വിജയിച്ചുകൊണ്ട് പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഇന്റർ മിയാമി ലിയോ മെസ്സിയുടെ സൈനിങ്ങിന് പിന്നാലെ മത്സരത്തിൽ വിജയം നേടിയിരിക്കുകയാണ്. യുഎസ് ഓപ്പൺ കപ്പ്‌ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ വിജയം നേടിയ ഇന്റർ മിയാമി സെമിഫൈനലിലാണ് പ്രവേശിച്ചത്.

ബെർലിംഗ്ഹാം ലേജിയനെതിരെ നടന്ന മത്സരത്തിൽ ആദ്യപകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചുവെങ്കിലും രണ്ടാം പകുതിയുടെ 56-മിനിറ്റിൽ സ്റ്റഫനല്ലി നേടുന്ന വിജയഗോളിലാണ് ഇന്റർ മിയാമിയുടെ സെമിഫൈനൽ പ്രവേശനം. ഓഗസ്റ്റ് 23-ന് നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ സിൻസിനാറ്റിയെയാണ് ഇന്റർ മിയാമി നേരിടുന്നത്.

സൂപ്പർ താരം ലിയോ മെസ്സി തന്റെ ഒഴിവുകാലം ആഘോഷിച്ചതിന് ശേഷം ജൂലൈ മാസത്തിന്റെ അവസാനത്തോട് കൂടി ഇന്റർ മിയാമിയിലെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിൽ നടക്കുന്ന യുഎസ് ഓപ്പൺ കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ കളിക്കാൻ ലിയോ മെസ്സി ഉണ്ടാകും. സെപ്റ്റംബർ മാസത്തിലാണ് ഇതിന്റെ ഫൈനൽ മത്സരം നടക്കുന്നത്, തന്റെ ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ മെസ്സിക്ക് മുൻപിൽ അവസരങ്ങളുണ്ട്.

4.2/5 - (42 votes)