‘1000% ഉയരുന്നു’ : ലയണൽ മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയുടെ ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധന

ബാഴ്‌സലോണയിലേക്കുള്ള ലയണൽ മെസ്സിയുടെ ഏറ്റവുമധികം കാത്തിരുന്ന തിരിച്ചുവരവ് പ്ലാൻ അനുസരിച്ച് നടന്നില്ല. കാരണം മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമി അർജന്റീന സൂപ്പർ താരത്തിനെ ടീമിലെത്തിച്ചിരിക്കുകയാണ്.

സ്പാനിഷ് ചാമ്പ്യന്മാരുമായുള്ള മെസ്സിയുടെ പുനഃസമാഗമത്തെക്കുറിച്ച് ധാരാളം ഹൈപ്പ് ഉണ്ടായിരുന്നുവെങ്കിലും MLS ലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം ആശ്ചര്യകരമായ രീതിയിൽ വന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ ജേഴ്സിയിലാവും ഇനി 35 കാരനെ കാണാൻ സാധിക്കുക.അഡിഡാസും ആപ്പിളും ഉൾപ്പെടെ മെസ്സിയുടെ ട്രാൻസ്ഫെറിൽ നിരവധി ഘടകങ്ങൾ പ്രവർത്തിച്ചു.

മെസ്സിയുടെ വരവോടെ വിപുലമായ വളർച്ച കൈവരിക്കുമെന്ന് ഇന്റർ മിയാമി പ്രതീക്ഷിക്കുന്നു.അഡിഡാസും ആപ്പിളും തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് മെസ്സിക്ക് നൽകുമെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു.ഇത് മെസ്സിയുടെ തീരുമാനത്തെ സ്വാധീനിക്കുന്നതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ടാവാം.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിലെ വരവ് സൗദി അറേബ്യയുടെ ഫുട്ബോൾ രംഗത് വലിയ കുതിച്ച് ചാട്ടത്തിന് കാരണമായി.മുൻ ബാഴ്‌സലോണ താരത്തിന്റെ സൈനിംഗ് ലോകമെമ്പാടും എം‌എൽ‌എസിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സൈനിങ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഏകദേശം ഒരു മില്യൺ മാത്രം ഇൻസ്റ്റഗ്രാമിൽ പിന്തുണക്കാരുണ്ടായിരുന്ന ഇന്റർ മിയാമി ക്ലബ്ബിന്റെ ഇൻസ്റ്റഗ്രാമിലെ നിലവിൽ പിന്തുണക്കാർ 6.4 മില്യൺ പേരാണ്.

ജൂലൈ 21 ന് മെക്സിക്കോ സിറ്റിയുടെ ക്രൂസ് അസുലിനെതിരെ ലീഗ് കപ്പിൽ മെസ്സിയുടെ സാധ്യതയുള്ള ആദ്യ മത്സരത്തിന് മുന്നോടിയായി ടിക്കറ്റ് വിലയിൽ 1000% വർധനയുണ്ടായതായി റിപ്പോർട്ട്.ക്രൂസ് അസുസിനെതിരായ ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് നേരത്തെ 29 ഡോളർ ആയിരുന്നു. എന്നാൽ ലയണൽ മെസിയുടെ ട്രാൻസ്‌ഫർ വാർത്ത പുറത്തു വന്നതോടെ ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് 477 ഡോളറായി വർധിച്ചുവെന്നാണ് സൂചനകൾ.ലയണൽ മെസി ട്രാൻസ്‌ഫർ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്റർ മിയാമിയുടെ എല്ലാ മത്സരങ്ങൾക്കുമുള്ള ടിക്കറ്റുകളും വിറ്റഴിഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

എംഎൽഎസിലെ വമ്പൻ ക്ലബുകളുടെ ടിക്കറ്റുകളുടെ നിരക്ക് പതിനായിരം ഡോളർ വരെയായി വർധിച്ചുവെന്നും പുറത്തു വരുന്നുണ്ട്. എന്തായാലും അമേരിക്കൻ ഫുട്ബോളിൽ ഒരു തരംഗം ലയണൽ മെസി സൃഷ്‌ടിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. മെസ്സിയുടെ വരവോടെ MLS ലെ പ്രധാന ഫ്രാഞ്ചൈസികളിലൊന്നായി ഇന്റർ മിയാമി മാറും.മെസ്സിയുടെ മുൻ അന്താരാഷ്‌ട്ര ടീമംഗം ഗോൺസാലോ ഹിഗ്വെയ്‌ൻ നേരത്തെ മിയാമി ജേഴ്‌സി അണിഞ്ഞിരുന്നു.

4.7/5 - (26 votes)