മെസ്സിയുടെ ഈ സീസണിലെ മികവിന്റെ കാരണം വിശദീകരിച്ച് ഫോൻസേക്ക

കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ കണ്ട ലയണൽ മെസ്സിയെയല്ല നമുക്കിപ്പോൾ ഈ സീസണിൽ പിഎസ്ജിയിൽ കാണാനാവുന്നത്. ഫ്രഞ്ച് ലീഗിൽ മെസ്സിക്ക് തിളങ്ങാനാവില്ലേ എന്ന ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് എല്ലാ മേഖലയിലും മികച്ച രൂപത്തിൽ കളിക്കുന്ന മെസ്സിയെയാണ് ഇപ്പോൾ ആരാധകർക്ക് ലഭിച്ചിരിക്കുന്നത്. ഗോളുകളും അസിസ്റ്റുകളും ഇപ്പോൾ മെസ്സിയിൽ നിന്ന് ധാരാളം ലഭിക്കുന്നു.

ഈ സീസണിൽ ആകെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 11 ഗോളുകൾ മെസ്സി നേടി കഴിഞ്ഞു. ഇതിനുപുറമേ 8 അസിസ്റ്റുകളുമുണ്ട്. ഇനിയും ലയണൽ മെസ്സി ഇതേ മികവ് തന്നെ തുടരുമെന്നാണ് ആരാധകർ അടിയുറച്ചു വിശ്വസിക്കുന്നത്. എന്തെന്നാൽ മെസ്സിയെ കാത്തിരിക്കുന്നത് ഖത്തർ വേൾഡ് കപ്പാണ്.

ഏതായാലും ബീയിൻ സ്പോർട്സിന്റെ ഫുട്ബോൾ പണ്ഡിറ്റായ ഡാ ഫോൻസേക്ക മെസ്സിയുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്.അതായത് ഈ സീസണിലെ മെസ്സിയുടെ മികവിന്റെ കാരണമാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. മെസ്സിയുടെ തലച്ചോറും ശരീരവും പെർഫെക്റ്റ് ഹാർമണിയിലാണ് അഥവാ കൃത്യമായ താളത്തിലാണ് എന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

‘ മെസ്സിയുടെ കാലുകൾ ഇപ്പോഴും ആ സാങ്കേതികത്തികവുകൾ അവശേഷിക്കുന്നുണ്ട്.പക്ഷേ അത് റിസൾട്ടിന്റെ സർവീസിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് അത് ഗെയിമിന്റെ സർവീസിൽ ഉൾപ്പെടുത്തുന്നു.കഴിഞ്ഞ സീസണിൽ മെസ്സിയുടെ തലച്ചോറും കാലുകളും ഒരേ ലൈനിൽ ആയിരുന്നില്ല. എന്നാൽ ഈ സീസണിൽ മെസ്സിയുടെ തലച്ചോറും ശരീരവും കൃത്യമായ പൊരുത്തത്തിലാണ് ‘ ഫോൻസേക്ക പറഞ്ഞു.

നിരവധി കാരണങ്ങൾ കൊണ്ടായിരുന്നു കഴിഞ്ഞ സീസണിൽ മെസ്സിക്ക് തിളങ്ങാനാവാതെ പോയത്. പെട്ടെന്ന് ബാഴ്സ വിടേണ്ടിവന്നത് മാനസികമായ ആഘാതം ഏൽപ്പിച്ചിരുന്നു.മാത്രമല്ല കോവിഡ് ശാരീരികമായ ആഘാതം ഏൽപ്പിച്ചിരുന്നു എന്നുള്ളത് മെസ്സി തന്നെ തുറന്നു പറഞ്ഞിരുന്നു.

Rate this post