മിഡ്ഫീൽഡ് മാസ്റ്റർ : ” ലൂക്കാ മോഡ്രിച്ചിനെപ്പോലുള്ള കളിക്കാർ ഇപ്പോഴും ഫുട്ബോളിൽ ഉണ്ട്”

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരെ തെരഞ്ഞെടുത്താൽ പട്ടികയിലെ ആദ്യ സ്ഥാനക്കാരനായി ഇടം പിടിക്കുന്ന താരമാണ് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച്. 36 ആം വയസ്സിലും ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒരേ ഫോമിൽ തന്നെയാണ് കളിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ റയൽ മാഡ്രിഡ് നേടിയ വിജയങ്ങളിൽ മോഡ്രിച്ചിന്റെ പങ്ക് വിസമരിക്കാനാവാത്തതാണ്.

ലൂക്കാ മോഡ്രിച്ചിന് 2022ൽ മറ്റൊരു ബാലൺ ഡി ഓർ ലഭിക്കുമെന്ന് റയൽ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് പറഞ്ഞു. ഇന്നലെ റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർകോപ്പ കിരീടം റയൽ മാഡ്രിഡിന് നേടികൊടുക്കുന്നതിൽ താരം നിർണായക പങ്കാണ് വഹിച്ചത്.സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ റയൽ മാഡ്രിഡ് അത്‌ലറ്റിക് ക്ലബ്ബിനെ 2-0 ന് പരാജയപ്പെടുത്തിയപ്പോൾ മോഡ്രിച്ച് ആദ്യ ഗോൾ നേടുകയും ഗോളിനപ്പുറം മിഡ്ഫീൽഡർ മികച്ച ഫോമിലായിരുന്നു. ഫൈനലിലെ മാന് ഓഫ് ദി മാച്ച് അവാർഡും നേടി.

കഴിഞ്ഞ വേനൽക്കാലത്ത് എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ വെച്ച് ഒരു വർഷത്തെ കരാർ നീട്ടാൻ മോഡ്രിച്ച് സമ്മതിച്ചു, സ്പാനിഷ് തലസ്ഥാനത്ത് തന്റെ റോളിംഗ് ഡീൽ പുതുക്കുന്നതിനുള്ള ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.2022 ലോകകപ്പിൽ ക്രൊയേഷ്യക്ക് വേണ്ടി കളിക്കാനുള്ള പദ്ധതികളുടെ ഭാഗമായി 36-കാരനായ താരം റയലിലെ ജീവിതം 11-ാം സീസണിലേക്ക് നീട്ടാൻ തയ്യാറാണെന്ന് കിംവദന്തിയുണ്ട്.

“ഈ സീസണിൽ മോഡ്രിച്ച് വീണ്ടും അസൂയാവഹമായ ഫോമിലാണ്,അദ്ദേഹം അത് കാണിക്കുകയും ചെയ്തു.അവൻ വീണ്ടും ബാലൺ ഡി ഓർ നേടുന്നതിന് യോഗ്യനാണ്” റയൽ മാഡ്രിഡ് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് പറഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ആധിപത്യം അവസാനിപ്പിച്ച 2018-ലെ ബലൂൺ ഡി ഓർ അവാർഡ് മോഡ്രിച്ച് നേടി. ഈ സീസണിൽ ആൻസെലോട്ടിയുടെ പ്ലാനുകളിലെ പ്രധാന താരം തന്നെയാണ് മോഡ്രിച്ച്.2021/22 ലെ 21 ലീഗ് മത്സരങ്ങളിൽ നിന്ന് 14 ലും ആദ്യ ടീമിൽ ഇടം നേടിയ മോഡ്രിച്ചിനേക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡർ കാസിമിറായാണ്.

കഴിഞ്ഞ വർഷം തന്റെ ശമ്പളം വെട്ടിക്കുറച്ച് മാഡ്രിഡുമായുള്ള കരാർ 2022 ജൂൺ 30 വരെ നീട്ടിയെങ്കിലും രണ്ടോ മൂന്നോ വർഷം കൂടി കളിക്കാൻ താരം തയ്യാറായിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് നിയന്ത്രിക്കുനന്ത് ഇപ്പോഴും ഈ 36 കാരൻ തന്നെയാണ്.ഫെഡെ വാൽവെർഡെ അല്ലെങ്കിൽ എഡ്വാർഡോ കാമാവിംഗ പോലുള്ള കഴിവുള്ള ചെറുപ്പക്കാർ ഉയർന്നുവന്നിട്ടും ടീമിലെ തർക്കമില്ലാത്ത സ്റ്റാർട്ടറാണ് മോഡ്രിച്. 36 ലും മികച്ച ഫിറ്റ്നസ് നിലനിർത്തുന്ന മോഡ്രിച്ചിനോട് മത്സരിച്ചു വേണം റയലിൽ പല യുവ താരങ്ങൾക്കും തങ്ങളുടെ സ്ഥാനം നിലനിർത്താൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡ്രിച് നിലനിർത്തുന്ന കർശനമായ ഫിറ്റ്നസ് പ്ലാനിംഗ് തന്നെയാണ് ഇപ്പോഴും ടോപ്-ഫ്ലൈറ്റ് ഫുട്ബോളിൽ പിടിച്ചു നിക്കാൻ സാധിക്കുന്നത്.

2003 ൽ ഡൈനാമോ സാഗ്രെബിലൂടെ കരിയർ ആരംഭിച്ച മോഡ്രിച്ച് 2008 ൾടോട്ടൻഹാമിൽ എത്തിയതോടെ മികച്ച മിഡ്ഫീൽഡറായി മാറി . നാലു വർഷത്തിന് ശേഷം 2012 ൽ റയൽ മാഡ്രിഡ് താരത്തെ സ്വന്തമാക്കി. റയലിനൊപ്പം രണ്ടു ലാ ലിഗയും ,നാലു ചാമ്പ്യൻസ് ലീഗും ,മൂന്നു യുവേഫ സൂപ്പർ കപ്പും ,മൂന്നു ഫിഫ ക്ലബ് വേൾഡ് കപ്പും നേടിയിട്ടുണ്ട്. റയലിന് വേണ്ടി 413 മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ നേടിയിട്ടുണ്ട്.2006 മാർച്ചിൽ അർജന്റീനയ്‌ക്കെതിരെയായിരുന്നു റയൽ മാഡ്രിഡ് താരത്തിന്റെ ക്രോയേഷ്യക്ക് വേണ്ടിയുള്ള സീനിയർ അരങ്ങേറ്റം. ഒന്നര പതിറ്റാണ്ടിനിടയിൽ മിഡ്ഫീൽഡർ ക്രൊയേഷ്യൻ ടീമിന്റെ കേന്ദ്രമായി മാറുകയും അവരെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

മോഡ്രിച്ചിന്റെ മികവിൽ ക്രോയേഷ്യ നാല് തവണ യൂറോപ്യൻ ചാംപ്യൻഷിപ്പിനും, മൂന്നു തവണ വേൾഡ് കപ്പിലും പങ്കെടുത്തിട്ടുണ്ട്. 2018 ൽ ഫൈനലിൽ ഇടം നേടുകയും ചെയ്തു.ക്രൊയേഷ്യൻ ദേശീയ ടീമിനായി മോഡ്രിച്ച് 146 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.2006 ലും 2014 ലും വേൾഡ് കപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും 2018 ൽ ഫൈനലിൽ എത്തിയെങ്കിലും ഫ്രാൻസിനോട് പരാജയപെട്ടു. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2018 വേൾഡ് കപ്പിൽ ഗോൾഡൻ ബോൾ നേടിയ മോഡ്രിച്ച് ദശകത്തിൽ ബാലൻ ഡിയോർ നേടുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒഴികെയുള്ള ഒരു കളിക്കാരനായി.

Rate this post