“സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡിന് ; ഇന്റർ മിലാനെ സമനിലയിൽ തളച്ച് അറ്റ്ലാന്റ ; ആവേശ പോരാട്ടത്തിൽ വെസ്റ്റ് ഹാമിനെ വീഴ്ത്തി ലീഡ്സ്”

അത്‌ലറ്റിക് ബിൽബാവോയെ 2-0 ന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ചാമ്പ്യന്മാരായി. സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ലൂക്കാ മോഡ്രിച്ചിന്റെയും കരിം ബെൻസെമയുടെയും ഗോളുകൾക്ക് റയൽ വിജയം നേടിയെടുത്തത് . 38 ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ റോഡ്രിഗോ നൽകിയ പാസിൽ നിന്നും ലൂക്ക മോഡ്രിഡ് റയലിന്റെ ആദ്യ ഗോൾ നേടി.രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ബെൻസീമ റയലിന്റെ രണ്ടാം ഗോൾ നേടിയത്.

അത്‌ലറ്റിക്കിനെതിരെ സ്‌കോർ ചെയ്യുന്നത് ബെൻസെമ ശീലമാക്കിയിട്ടുണ്ട്.ബാസ്‌ക് ടീമിനെതിരെ ഫ്രഞ്ച് താരത്തിന്റെ 26 മത്സരങ്ങളിൽ നിന്ന് 18-ാം മത്തെ ഗോളായിരുന്നു ഇത്. അവസാനം ഒരു പെനാൾട്ടി റയലിന് സമ്മർദ്ദം ഉയർത്തി. ഒരു ഹാൻഡ് ബോളിന് മിലിറ്റാവോ ചുവപ്പ് കാണുകയും അത്ലറ്റികിന് അനുകൂലമായി പെനാൾട്ടി വിധിക്കുകയുമായിരുന്നു. എന്നാൽ ആ പെനാൾട്ടി കോർതോ കാലു കൊണ്ട് സേവ് ചെയ്ത് ബിൽബാവോ ക്ലബിന്റെ തിരിച്ചുവരവ് സാധ്യതകൾ അവസാനിപ്പിച്ചു.സൗദി അറേബ്യയിൽ നടന്ന മത്സരത്തിന്റെ രണ്ട് പതിപ്പുകളിലും കിരീടം നേടിയ റയൽ ഇത് 12-ാം തവണയാണ് സ്പാനിഷ് സൂപ്പർ കപ്പ് നേടുന്നത്.

ബ്രെന്റ്ഫോഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനത്ത്. ഫാബിയാനോ, അലക്സ് ഓക്സ്ലേഡ് ചേമ്പർലെയിൻ, മിനാമിനോ എന്നിവർ റെഡ്സിനായി സ്‌കോർ ചെയ്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ ലിവർപൂൾ ഒരു ഗോളിന് മുന്നിലായിരുന്നു.ആദ്യ പകുതിയിൽ ഫബിനോയിലൂടെ 44ആം മിനുട്ടിൽ ലിവർപൂൾ ലീഡ് എടുത്തു. അലക്സാണ്ടർ അർനോൾദിന്റെ ഒരു സെറ്റ് പ്ലേയിൽ നിന്നായിരുന്നു ഈ ഗോൾ. 69ആം മിനുട്ടിൽ മറ്റൊരു അർനോൾഡ് അസിസ്റ്റിൽ ഓക്സ് ചാമ്പെർലൈൻ ലീഡ് ഇരട്ടിയാക്കി. 77ആം മിനുട്ടിൽ മിനാമിനോ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.ഇതോടെ 21 മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 45 പോയിന്റായി. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിക്ക് 43 പോയിന്റാണുള്ളത്.

പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരത്തിൽ കരുത്തരായ വെസ്റ്റ്‌ ഹാമിനെ
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ലീഡ്സ് യുണൈറ്റഡ്. ജാക്ക് ഹാരിസണിന്റെ സീനിയർ കരിയറിലെ കന്നി ഹാട്രിക്കാണ് ലീഡസിന് ഉജ്ജ്വല ജയം സമ്മാനിച്ചത്. പത്താം മിനുട്ടിൽ തന്നെ ഹാരിസൺ ലീഡ്സിന് ലീഡ് നൽകി.34ആം മിനുട്ടിൽ ബോവനിലൂടെ വെസ്റ്റ് ഹാം സമനില കണ്ടെത്തി. 37ആം മിനുട്ടിൽ ഹാരിസൺ വീണ്ടും ലീഡ്സിനെ മുന്നിൽ എത്തിച്ചു.52ആം മിനുട്ടിൽ ഫോർനാൽസ് വീണ്ടും വെസ്റ്റ് ഹാമിനെ ഒപ്പം എത്തിച്ചു.60ആം മിനുട്ടിൽ മൂന്നാമതും താരം ലീഡ്സിന് ലീഡ് നൽകി വിജയത്തിലെത്തിച്ചു.37 പോയിന്റുള്ള വെസ്റ്റ് ഹാം പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. 22 പോയിന്റ് സമ്പാദ്യവുമായി ലീഡ്‌സ് യുണൈറ്റഡ് ലീഗിൽ പതിഞ്ചാം സ്ഥാനത്താണ്.

ഇറ്റാലിയൻ സിരി എ യിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനെ അറ്റ്ലാന്റ ഗോൾരഹിത സമനിലയിൽ തളച്ചു. സിരി എ യിൽ അവസാന എട്ടു മത്സരങ്ങളിൽ തുടർച്ചയായ വിജയം നേടിയ ഇന്റർ രണ്ട് മാസത്തിലേറെയായി സിരി എ യിൽ പോയിന്റ് നഷ്ടപെടുത്തിയിരുന്നില്ല. സിരി എ യിലെ ഏറ്റവും ആക്രമണകാരികളായ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഗോളുകൾ നേടാൻ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു, എന്നാൽ 23 ഷോട്ടുകൾ അടിച്ചിട്ടും ഇരു ടീമുകൾക്കും മുന്നേറ്റം കണ്ടെത്താൻ കഴിഞ്ഞില്ല.കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് ഇന്റർ ലീഗ് മത്സരങ്ങളിൽ നിന്ന് ഗോൾ കണ്ടെത്താനാകാതെ പോകുന്നത് (39 മത്സരങ്ങൾ ). 21 മത്സരങ്ങളിൽ നിന്നും ഇന്റർ മിലാൻ 50 പോയിന്റും രണ്ടാം സ്ഥാനത്തുള്ള എ സി മിലാൻ 48 പോയിന്റും ആണുള്ളത്.