മാസങ്ങൾക്ക്‌ മുമ്പ് ഫുട്ബാൾ ഉപേക്ഷിക്കാൻ വരെ തീരുമാനിച്ചിരുന്നു, കാരണം വെളിപ്പെടുത്തി എഡിൻസൺ കവാനി !

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ അവസാനദിവസത്തിലായിരുന്നു എഡിൻസൺ കവാനിയെ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചിയത്. ഫ്രീ ഏജന്റ് ആയിരുന്ന താരത്തെ ഒരു വർഷത്തെ കരാറിലാണ് യുണൈറ്റഡ് ടീമിൽ എത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയാണ് കവാനി അണിയുക. താരത്തിന്റെ വരവ് യുണൈറ്റഡ് ആരാധകർക്ക്‌ അല്പമെങ്കിലും ആശ്വാസം പകരുന്ന ഒന്നാണ്.

എന്നാൽ മറ്റൊരു വെളിപ്പെടുത്തലുമായാണ് കവാനി രംഗത്ത് വന്നിരിക്കുന്നത്. മാസങ്ങൾക്ക്‌ മുമ്പ് ഫുട്ബോൾ ഉപേക്ഷിക്കുന്നതിനെ കുറിച്ച് വരെ താൻ ചിന്തിച്ചിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ കാമുകി കോവിഡ് ബാധിതയായിരുന്ന സന്ദർഭത്തിലായിരുന്നു താൻ ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. താരം ജൂണിൽ പിഎസ്ജി വിട്ട ഉടനെയായിരുന്നു കവാനിയുടെ കാമുകിയായ ജോകെലിൻ ബർഗാട്ടിന് കോവിഡ് ബാധിച്ചിരുന്നത്.

” നമ്മളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനാണ് നാം പ്രഥമപരിഗണന നൽകേണ്ടത്. തീർച്ചയായും, ഞാൻ ഫുട്ബോൾ ഉപേക്ഷിക്കുന്ന ആശയത്തെ കുറിച്ച് ചിന്തിച്ചിരുന്നു. എന്റെ കുടുംബത്തിനും എന്റെ കാമുകിക്കും കോവിഡ് കാരണം ഞങ്ങൾ ബുദ്ധിമുട്ട് അനുഭവിച്ച ഒരു സമയമായിരുന്നു അത് ” കവാനി തുടർന്നു.

” സത്യം എന്തെന്നാൽ അതൊരു മോശം സമയമായിരുന്നു. ഞങ്ങൾ ശരിക്കും ഭയന്നിരുന്നു. എന്റെ കുടുംബത്തെ കോവിഡിൽ നിന്ന് മുക്തമാക്കിയതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. പക്ഷെ ആ അവസരത്തിൽ ഞാൻ കളി നിർത്താൻ ആലോചിരുന്നു എന്നുള്ളത് സത്യമാണ്. എന്റെ രാജ്യത്തേക്ക് മടങ്ങാനും ശേഷിക്കുന്ന കാലം അവിടെ തങ്ങാനുമായിരുന്നു ഞാൻ പദ്ധതിയിട്ടിയിരുന്നത്. അത്തരമൊരു അവസ്ഥയിൽ സമ്മർദ്ദം ഉണ്ടാവുക എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്. പക്ഷെ ലീഗുകൾ പുനരാരംഭിച്ചപ്പോൾ എനിക്കും ഒരു ടീമിനോടൊപ്പം ചേരാൻ ആഗ്രഹം ജനിക്കുകയായിരുന്നു ” കവാനി അർജന്റൈൻ റേഡിയോക്ക്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Rate this post