മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് സാഞ്ചോ വരില്ല, താരത്തെ സ്വന്തമാക്കാൻ സാധ്യത രണ്ടു ക്ലബുകൾക്ക്

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യമായിരുന്ന ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ റെഡ് ഡെവിൾസിനു കഴിഞ്ഞില്ലെങ്കിലും അടുത്ത സമ്മറിൽ താരത്തെ സ്വന്തമാക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനും സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു വരാൻ സാഞ്ചോക്കു താൽപര്യമുണ്ടായിരുന്നു എങ്കിലും താരത്തിനു വേണ്ടി ഡോർട്മുണ്ട് ആവശ്യപ്പെട്ട തുക വളരെ അധികമാണെന്ന നിലപാടായിരുന്നു യുണൈറ്റഡ് നേതൃത്വത്തിന്. 120 മില്യൺ യൂറോ താരത്തിനു നൽകാൻ ഒരു ഘട്ടത്തിലും യുണൈറ്റഡ് തയ്യാറായില്ല. ഇതേത്തുടർന്നാണ് ട്രാൻസ്ഫർ നീക്കങ്ങൾ അവസാനിച്ചത്.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത സമ്മറിൽ സാഞ്ചോക്കു വേണ്ടി യുണൈറ്റഡ് വീണ്ടും ശ്രമം നടത്തുമെങ്കിലും താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത ലിവർപൂളിനാണെന്നാണ് ഇൻഡിപെൻഡന്റെ റിപ്പോർട്ടു ചെയ്യുന്നത്. ഇതിനു പുറമേ ബയേൺ മ്യൂണിക്കും താരത്തിനെ സ്വന്തമാക്കാൻ യുണൈറ്റഡിനേക്കാൾ മുന്നിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സാഞ്ചോക്കു പകരം അറ്റലാൻറ യുവതാരം ട്രയോറയെ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് യുവതാരത്തെ സ്വന്തമാക്കാൻ എന്തെങ്കിലും സാധ്യതയുണ്ടാകണമെങ്കിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയും യുണൈറ്റഡ് ഉറപ്പിക്കേണ്ടതുണ്ട്.