മെസി എക്കാലവും ഇതു പോലെയുണ്ടാകില്ല, മുന്നിലെത്താൻ ഗ്രീസ്മാനു കഴിയുമെന്ന് സഹതാരം ജിറൂദ്

മെസി എല്ലാ കാലവും ഇതുപോലെ തുടരില്ലെന്നും അതുകൊണ്ടു തന്നെ ബാഴ്സലോണയുടെ മുൻനിര താരങ്ങളിൽ ഒരാളാകാൻ അന്റോയിൻ ഗ്രീസ്മനു കഴിയുമെന്ന് ഫ്രാൻസ് സഹതാരം ഒലിവർ ജിറൂദ്. ഗ്രീസ്മൻ ബാഴ്സലോണയിൽ സംതൃപ്തനല്ലെന്ന ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷംപ്സിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജിറൂദ്.

”ബാഴ്സലോണയെ പോലെയുള്ള വമ്പൻ ക്ലബ് എളുപ്പമുള്ള ഒരു പാതയല്ല. എന്നാൽ അതു കരിയറിലെ മുന്നേറ്റമാണ്. മെസിയെപ്പോലൊരു താരം ടീമിലുണ്ടാവുകയും സമാനമായ പൊസിഷനിൽ കളിക്കുകയും ചെയ്യുമ്പോൾ ഗ്രീസ്മനെ സംബന്ധിച്ച് ടീമിനോട് ഇണങ്ങിച്ചേരുക എളുപ്പമല്ല.”

“ചിലപ്പോൾ അതിനു കുറേക്കാലം എടുത്തേക്കാം. എങ്കിലും താരത്തിനതു കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ബാഴ്സയിൽ നിരവധി മികച്ച താരങ്ങളുള്ളതു കൊണ്ട് ഒരു മാജിക് ഫോർമുല കണ്ടെത്തുകയാണു വേണ്ടത്. അതൊരു വെല്ലുവിളി ആണെങ്കിലും ഗ്രീസ്മന്‌ അതിനു കഴിയും. മെസി എക്കാലവും ഇതുപോലെ നിലനിൽക്കില്ലെന്നതു കൊണ്ട് ടീമിന്റെ ഭാവിയാകാനും അദ്ദേഹത്തിനാകും.” ജിറൂദ് പറഞ്ഞു.

ഫ്രാൻസ് ടീമിൽ സെക്കൻഡ് സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന ഗ്രീസ്മൻ പക്ഷേ ബാഴ്സയിൽ റൈറ്റ് വിങ്ങിലാണ് ഇറങ്ങുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും താരത്തിന് ബാഴ്സക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.

Rate this post