വെയ്ൻ റൂണി അരങ്ങൊഴിഞ്ഞു.!

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും ഇതിഹാസ തരങ്ങളിലൊരാളായ വെയ്ൻ റൂണി ഫുട്ബാളിൽ നിന്ന് വിരമിച്ചു.
ഇംഗ്ലീഷ് ക്ലബ്‌ ആയ ഡെർബി കൗണ്ടിക്ക് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന്റെ ഈ വിരമിക്കൽ പ്രഖ്യാപനം.
കളിക്കാരൻ എന്ന നിലയിൽ ഫുട്ബാളിൽ നിന്ന് വിരമിച്ചെങ്കിലും ഡെർബി കൗണ്ടിയുടെ കോച്ച് ആയി അദ്ദേഹം ഫുട്ബോൾ ലോകത്ത് തുടരും.
കോച്ച് എന്ന നിലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കളിക്കാരൻ എന്ന നിലയിലുള്ള താരത്തിന്റെ ഈ വിരമിക്കൽ പ്രഖ്യാപനം.

2002ൽ പതിനാറാം വയസ്സിൽ എവെർട്ടണിനു വേണ്ടി തന്റെ പ്രൊഫഷണൽ കരിയറിനു തുടക്കം കുറിച്ച റൂണി,
പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെതായ സ്വാതന്ത്ര്യ ശൈലിയിൽ ഫുട്ബോൾ ലോകത്ത് ഒരു പുതിയ അദ്ധ്യായം തന്നെ എഴുതി ചേർക്കുകയായിരുന്നു.
രണ്ടു വർഷത്തെ എവെർട്ടണിലെ വീരോചിത പ്രകടനം കണ്ടു സാക്ഷാൽ സർ അലൈക്സ് ഫെർഗൂസന്റെ വിളി താരത്തെ തേടി എത്തി.ഒരു പക്ഷെ യുണൈറ്റഡിന്റെറയും റൂണിയുടെയും ഫുട്ബോൾ കരിയർ തന്നെ മാറ്റി മറിച്ച സൈഗ്നിങ് എന്ന് തന്നെ വിശേഷിപ്പിക്കാം ആ ഒരു നീക്കത്തെ.
മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെയും, വെയ്ൻ മാർക്ക്‌ റൂണി എന്ന് മുഴുവൻ പേരുള്ള റൂണിയുടെയും ഫുട്ബോളിലെ സുവർണ കാലഘട്ടമായി രേഖപ്പെടുത്തുകയും ചെയ്തു പിന്നീട് അങ്ങോട്ടുള്ള 13 വർഷ കാലം.

5 പ്രീമിയർ ലീഗും, ഒരു എഫ് എ കപ്പും,3 ലീഗ് കപ്പും വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയും ഉൾപ്പെടെ ചുവന്ന ചെകുത്താൻമാർ എന്ന് വിശേഷിപ്പിക്കുന്ന യുണൈറ്റഡിന്റെ നേട്ടത്തിൽ പങ്കാളിയാവാൻ 13 വർഷത്തെ യുണൈറ്റഡിലെ കരിയറിനിടയിൽ താരത്തിനു സാധിച്ചു.

അതിൽ തന്റെതായ സംഭാവന നൽകിയതിൽ റൂണിയുടെ സ്ഥാനം മുൻപന്തിയിൽ ആണെന്നതിന് ഉത്തമ ഉദാഹരണമാണ് ക്ലബ്ബിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയി അദ്ദേഹം ഇന്നും നില കൊള്ളുന്നത്.

സംഭവ ബഹുലമായ യുണൈറ്റഡിലെ കരിയറിനു ശേഷം താൻ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം തുടങ്ങിയ ടീം ആയ എവെർട്ടണിലേക്ക് തന്നെ മടങ്ങുകയുണ്ടായി.
ഒരു വർഷത്തെ എവെർട്ടൻ ഫുട്ബോൾ ജീവിതത്തിനു ശേഷം അമേരിക്കൻ ക്ലബ്‌ ആയ ഡി സി യുണൈറ്റഡിന് വേണ്ടി തന്റെ വിലപ്പെട്ട ജീവിതത്തിലെ 2 വർഷം ചെലവഴിച്ചു.

കോച്ചിംഗ് കരിയറിനു തുടക്കം കുറിക്കണം എന്ന ലക്ഷ്യത്തോടെ ഡി സി യുണൈറ്റഡ് വിട്ട് ഇംഗ്ലീഷ് ക്ലബ്‌ ആയ ഡെർബി കൗണ്ടിയിലേക്ക് താരം ചേക്കേറുകയും ഡെർബി കൗണ്ടിക്ക് വേണ്ടി മുപ്പത് മത്സരത്തിലെ പങ്കാളിത്തത്തിനു ശേഷം പ്ലയെർ എന്ന നിലയിലുള്ള തന്റെ ഫുട്ബോൾ കരിയറിനു ഇപ്പോൾ അവസാനം കുറിക്കുകയും ചെയ്തു.

കളിക്കാരൻ എന്നതിന് പുറമെ കോച്ച് ആയും ഡി സി യുണൈറ്റഡിൽ സേവനമനുഷ്ഠിച്ചിരുന്ന താരം,കോച്ചിംഗ് കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് തിളക്കമാർന്ന തന്റെ ഫുട്ബോൾ ജീവിതത്തിന് തിരശീല കുറിക്കാൻ തീരുമാനിച്ചത്.

15 വർഷകാലത്തെ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടിയുള്ള ഫുട്ബോൾ കരിയറിൽ ട്രോഫി എന്ന നിലയിൽ നേട്ടങ്ങളൊന്നും നേടി കൊടുക്കാൻ റൂണിക്ക് ആയില്ലെങ്കിലും, 120 മത്സരങ്ങളിൽ നിന്ന് 53 ഗോൾ നേടി തന്റെതായ സംഭാവന നൽകാൻ അദ്ദേഹത്തിനായിട്ടുണ്ട്.
ദേശീയ ടീമിന് വേണ്ടിയുള്ള മത്സരങ്ങളിൽ കിരീടങ്ങൾ റൂണിയെ വിട്ടകന്നപ്പോൾ, ക്ലബ്‌ ഫുട്ബാളിൽ കിരീട നേട്ടത്തിന്റെ കാര്യത്തിൽ വൈറ്റ് പെലെ എന്ന് വിളിപ്പേരുള്ള താരം മുടിചൂടാ മന്നൻ ആയിരുന്നു.

ഇത്രയും കാലം കുമ്മായ വരകൾ കൊണ്ട് അതിർത്തി തീർത്ത പച്ചപ്പുൽ മൈദാനിയിൽ ഇന്ത്രജാലകങ്ങകൾ തീർത്ത് ഫുട്ബോൾ ലോകത്തിന് സുന്ദര മുഹൂർത്തങ്ങളും, കാൽപ്പന്തു കളി ആരാധകർക്ക് ദൃശ്യ വിസ്മയവും സമ്മാനിച്ച വിശ്വ വ്യഖ്യാത താരത്തിന്,കുമ്മായ വരകൾക്ക് പുറത്ത് നിന്ന് തന്ത്രങ്ങൾ മെനഞ്ഞു കൊണ്ട് ഫുട്ബോൾ ലോകത്ത് എത്രത്തോളം വിജയം കൈവരിക്കാനാവും എന്ന് ആകാംഷയോടെ ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.

തന്റെ വർണപകിട്ടാർന്ന കാല്പന്തു ജീവിതത്തിൽ ഫുട്ബാൾ ലോകത്തെ വണ്ടർ ബോയ് എന്ന വിശേഷണം ചാർത്തി കിട്ടിയ 35 കാരന്റെ തുടർന്ന് അങ്ങോട്ടുള്ള ഫുട്ബോൾ കോച്ചിംഗ് കരിയറിന് എല്ലാവിധ ആശംസകളും നേരുന്നു.

Rate this post