ആദ്യം ടെന്നീസ് താരമായിരുന്നു, പിന്നീട് ഫുട്ബോൾ താരമാവാനുള്ള നിർണായകവഴിത്തിരിവ് വെളിപ്പെടുത്തി പുജ്‌.

കഴിഞ്ഞ സീസണിൽ ബാഴ്സ ആരാധകർക്ക്‌ ഏറെ ആശ്വാസം പകർന്ന പ്രകടനത്തിന്റെ ഉടമയാണ് സ്പാനിഷ് യുവതാരം റിക്കി പുജ്‌. മധ്യനിര താരമായ പുജ്‌ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാൽ പുതിയ പരിശീലകൻ കൂമാൻ വന്നതോടെ താരത്തിന് അവസരങ്ങൾ കുറയുമെന്ന് വ്യക്തമായ കാര്യമാണ്.എന്നിരുന്നാലും സീനിയർ ടീമിൽ ഇടം നേടാൻ റിക്കി പുജിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രസകരമായ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണിപ്പോൾ റിക്കി പുജ്‌. താൻ കുട്ടിക്കാലത്ത് ഒരു ടെന്നീസ് താരമായിരുന്നുവെന്നും എന്നാൽ പിന്നീട് ഒരു നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിലൂടെ ഫുട്ബോളിലേക്ക് കളം മാറിയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ എട്ടാമത്തെ വയസ്സിൽ ടെന്നീസിൽ 6-2, 4-1 എന്ന സ്കോറിന് തോറ്റതോടെയാണ് താൻ ടെന്നീസ് നിർത്തി ഫുട്‍ബോളിൽ എത്തിയതെന്നാണ് പുജ്‌ വെളിപ്പെടുത്തിയത്.

” എനിക്ക് കുട്ടികാലത്ത് കളിക്കാൻ ഏറ്റവും ഇഷ്ടം ടെന്നീസും ഗോൾഫുമായിരുന്നു. എന്റെ എട്ടാം വയസ്സിൽ ഞാൻ ടെന്നീസ് കളിക്കാൻ ആരംഭിച്ചിരുന്നു. എന്റെ അമ്മയായിരുന്നു എന്നെ അതിൽ ഉൾപ്പെടുത്തിയത്. പക്ഷെ ഒരു ദിവസം 6-2, 4-1 എന്ന സ്കോറിന് ഞാൻ പരാജയപ്പെട്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്. അന്ന് എന്റെ അച്ഛൻ എന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു, നീ എന്താണ് ഇവിടെ കാണിച്ചു കൂട്ടുന്നത്? അതായിരുന്നു ഫുട്ബോളിലേക്ക് എത്താനുള്ള നിർണായകമായ വഴിത്തിരിവ് ” പുജ്‌ തുടരുന്നു.

” അതിന് ശേഷം രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ പ്രദേശത്തെ ക്ലബായ ഹബാക് ടെറാസക്ക്‌ വേണ്ടി ഞാൻ സൈൻ ചെയ്തു. അങ്ങനെ എന്റെ പതിനാലാം വയസ്സിൽ എനിക്ക് ബാഴ്‌സലോണയിൽ നിന്നും എസ്പാനോളിൽ നിന്നും വിളി വന്നു. അങ്ങനെ എന്റെ പിതാവ് എനിക്ക് പിന്തുണയുമായി വന്നു. തുടർന്ന് പതിനാലാം വയസ്സിൽ ഞാൻ എഫ്സി ബാഴ്‌സലോണയിൽ എത്തി ” സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ചാനലിന് നൽകിയ അഭിമുഖത്തിൽ പുജ്‌ പറഞ്ഞു. നിലവിൽ സ്പെയിനിന്റെ അണ്ടർ 21 ടീമിനൊപ്പമാണ് താരം.

Rate this post