ലോകകപ്പ്, യൂറോ ടൂർണമെന്റ് രണ്ടു വർഷത്തിലൊരിക്കൽ നടത്തണം, ആധുനിക കാലത്തിനനുസരിച്ച് ഫുട്ബോളിൽ മാറ്റം വരുത്തണമെന്ന് വെങ്ങർ

ആധുനിക കാലഘട്ടത്തിനനുസരിച്ച് ഫുട്ബോളിൽ മാറ്റം വരുത്തണമെന്നും നാലു വർഷത്തിലൊരിക്കൽ നടത്തുന്ന ലോകകപ്പ്, യൂറോ കപ്പ് മത്സരങ്ങൾ രണ്ടു വർഷം കൂടുമ്പോൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ച് ആഴ്സനലിന്റെ മുൻ പരിശീലകനായ ആഴ്സൻ വെങ്ങർ. ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ ചീഫായ ഫ്രഞ്ച് പരിശീലകൻ പുരുഷ, വനിതാ ഫുട്ബോളിൽ കാലാനുസൃതമായി നടത്തേണ്ട മാറ്റങ്ങളെ കുറിച്ച് ജർമൻ മാധ്യമമായ ബിൽഡിനോടു സംസാരിക്കുകയായിരുന്നു വെങ്ങർ.

“രണ്ടു വർഷം കൂടുമ്പോൾ ലോകകപ്പും യൂറോ കപ്പും നടത്തുന്നത് ആധുനിക കാലഘട്ടത്തിന് അനുസരിച്ച തീരുമാനമായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. ലോകകപ്പിന്റെ മഹത്വം അതിനു വേണ്ടിയുള്ള കാത്തിരിപ്പല്ല, ടൂർണമെൻറിന്റെ മികവാണ്. ചാമ്പ്യൻസ് ലീഗ് എല്ലാ വർഷവും ആളുകൾ കാണുന്നുണ്ട്. സമാനമായൊരു ചുവട് നല്ലതായിരിക്കും.”

യുവേഫ നാഷൻസ് ലീഗ് മത്സരങ്ങൾ നിർത്തി വെക്കണമെന്ന അഭിപ്രായവും വെങ്ങർ പ്രകടിപ്പിച്ചു. ”എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ള ടൂർണമെന്റാണു നടത്തേണ്ടത്. എന്താണു യുവേഫ നാഷൻസ് ലീഗെന്ന് സാധാരണക്കാരനായ ഒരാൾക്ക് ഒരിക്കലും പറഞ്ഞു തരാൻ കഴിയില്ല.” അദ്ദേഹം പറഞ്ഞു.

ഫിഫയുടെ നേതൃസ്ഥാനത്താണെങ്കിലും വെങ്ങർ നൽകിയ നിർദ്ദേശങ്ങൾ വ്യക്തിപരമാണ്. നിലവിൽ 2032 വരെയുള്ള ലോകകപ്പ് വേദികളടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ 32 ടീമുകൾക്കു പകരം 48 രാജ്യങ്ങളെ വെച്ച് ടൂർണമെന്റ് നടത്താനുള്ള പദ്ധതികളുണ്ട്.

Rate this post