അർജന്റീനയെ തടുക്കാൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു, ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഫ്രാൻസ് പരിശീലകൻ

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ പ്രകടനമാണ് അർജന്റീന നടത്തിയത്. ആദ്യമത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കളിച്ച അർജന്റീന ഓരോ മത്സരങ്ങൾ കഴിയുന്തോറും കൂടുതൽ ശക്തി നേടിയാണ് പിന്നീടുള്ള ടീമുകൾക്കെതിരെ വിജയിച്ച് ഫൈനലിൽ എത്തിയത്. ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി അർജന്റീന കിരീടവും നേടി.

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ടീമായിരുന്ന ഫ്രാൻസിനെ അർജന്റീന ഫൈനലിൽ നിഷ്പ്രഭമാക്കിയിരുന്നു. മത്സരത്തിന്റെ എൺപതു മിനുട്ട് വരെയും എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ യാതൊരു ഐഡിയയുമില്ലാതെ മൈതാനത്ത് ഉഴറുന്ന ഫ്രാൻസിനെയാണ് കണ്ടത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പരിശീലകനായ ദെഷാംപ്‌സും അതു സമ്മതിക്കുകയുണ്ടായി.

“മത്സരം തുടങ്ങുമ്പോൾ തന്നെ വിജയിക്കാനുള്ള എല്ലാ പദ്ധതിയും അർജന്റീനയുടെ കൈവശമുണ്ടായിരുന്നു. ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന കാര്യത്തിൽ യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. മത്സരം തുടങ്ങിയപ്പോൾ തന്നെ അവർക്ക് അനുകൂലമായ വ്യത്യാസം കണ്ടിരുന്നു. അവർ രണ്ടു ഗോൾ നേടുന്നതിന് മുൻപ് തന്നെ പകരക്കാരെ ഇറക്കാനായിരുന്നു ഉദ്ദേശമെങ്കിലും അവർ ഗോളുകൾ നേടി.” ദെഷാംപ്‌സ് പറഞ്ഞു.

ലോകചാമ്പ്യന്മാരായ അർജന്റീനയെ അഭിനന്ദിക്കണമെങ്കിലും കിരീടം നേടിയതിനു ശേഷമുള്ള അവരുടെ മനോഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്നും ദെഷാംപ്‌സ് പറഞ്ഞു. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാമെങ്കിലും ബഹുമാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും എംബാപ്പെ അടക്കമുള്ള താരങ്ങൾ അത് അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ചെങ്കിലും എംബാപ്പെ ഇരട്ടഗോളുകൾ നേടി ഫ്രാൻസിനെ തിരിച്ചു കൊണ്ടു വന്നിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിൽ അർജന്റീനയും ഫ്രാൻസും ഓരോ ഗോളുകൾ കൂടി നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് പോയി എമിലിയാനോ മാർട്ടിനസിന്റെ കരുത്തിൽ അർജന്റീന വിജയവും കിരീടവും നേടുകയായിരുന്നു.

4.7/5 - (23 votes)