മെസ്സിയുമല്ല ഹാലൻഡുമല്ല, ഇത്തവണ ബാലൻ ഡി ഓർ എംബാപ്പേക്കാണെന്ന് വേൾഡ് കപ്പ്‌ പരിശീലകൻ

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗാസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്‌കാരത്തിന്റെ നിലവിലെ ജേതാവായ ഫ്രഞ്ച് താരം കരീം ബെൻസെമ റയൽ മാഡ്രിഡ്‌ വിട്ടുപോയ വാർത്തകളാണ് നിലവിൽ ഫുട്ബോൾ ലോകത്ത് ഉയർന്ന് കേൾക്കുന്നത്. 35-കാരനായ താരത്തിന്റെ ആദ്യ ബാലൻ ഡി ഓർ നേട്ടം കൂടിയായിരുന്നു ഇത്.

എന്നാൽ ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം ആര് നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. ഫിഫ വേൾഡ് കപ്പ്‌ നേടിയ അർജന്റീന നായകൻ ലിയോ മെസ്സി, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നേട്ടങ്ങളും ഗോളുകളും സ്കോർ ചെയ്ത് കുതിക്കുന്ന എർലിംഗ് ഹാലൻഡ്, വേൾഡ് കപ്പിൽ ഫൈനലിൽ തോൽവിയറിഞ്ഞെങ്കിലും ക്ലബ്‌ തലത്തിൽ മികച്ച കണക്കുകൾ നേടിയെടുത്ത ഫ്രഞ്ച് താരം കിലിയൻ എംബാപ്പേ എന്നിവരാണ് ഇത്തവണ ബാലൻ ഡി ഓർ സാധ്യത കല്പികപ്പെടുന്നവരിൽ മുന്നിലുള്ളത്.

ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടി മുന്നിൽ നിൽക്കെ യൂറോപ്പിലെ ഗോൾഡൻ ബൂട്ട് അവാർഡ് വാങ്ങാനൊരുങ്ങുന്ന എർലിംഗ് ഹാലൻഡിനും ഫിഫ വേൾഡ് കപ്പിലെ കിരീടവും മികച്ച താരമായും നിൽക്കുന്ന ലിയോ മെസ്സിയേക്കാളും ബാലൻ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ താരം ആരാണെന്ന് വെളിപ്പെടുത്തി ഫ്രഞ്ച് ദേശീയ ടീം പരിശീലകൻ ദിദിയർ ദെഷാമ്പ്സ്.

ലീഗ് വണ്ണിലെ ഗോൾഡൻ ബൂട്ട് അവാർഡ് നേടുകയും ഹാലൻഡിന് പിന്നിൽ യൂറോപ്പിലെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ രണ്ടാമനാവുകയും ചെയ്ത കിലിയൻ എംബാപ്പേയാണ് അർഹിക്കുന്നതെന്നാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞത്. ഫിഫ വേൾഡ് കപ്പിന്റെ ഫൈനലിൽ തോൽവിയറിഞ്ഞെങ്കിലും ഗോൾഡൻ ബൂട്ട് അവാർഡ് എംബാപ്പേയാണ് നേടിയത്.

അതിനാൽ തന്നെ ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം തീർച്ചയായും കിലിയൻ എംബാപ്പേ അർഹിക്കുന്നുണ്ടെന്നാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞത്. ഫ്രാൻസ് ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾസ്കോറരായ ഒലിവർ ജിറൂഡിന്റെ ഈ റെക്കോർഡ് മറികടക്കുവാൻ എംബാപ്പേക്ക് കഴിയുമെന്നും ഫ്രാൻസ് ദേശീയ ടീം പരിശീലകൻ കൂട്ടിച്ചേർത്തു. ഫ്രാൻസിനെ വേൾഡ് ചാമ്പ്യൻമാരാക്കുകയും ഒരു തവണ ഫൈനലിൽ എത്തിക്കുകയും ചെയ്ത ദെഷാമ്പ്സ് 2026 വരെ ഫ്രഞ്ച് ടീം പരിശീലകസ്ഥാനത്ത് തുടർന്നേക്കും.