മെസിയെ കെട്ടിപ്പുണർന്നു ഗോളാഘോഷിച്ച് പരിശീലകൻ ഗാൾട്ടിയർ, പിഎസ്‌ജിയുടെ വിജയത്തിലെ മനോഹരദൃശ്യങ്ങൾ |PSG

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുമെന്ന് തോന്നിപ്പിച്ചതായിരുന്നു. എംബാപ്പെ, മെസി എന്നിവർ പിഎസ്‌ജിയെ മുന്നിലെത്തിച്ചെങ്കിലും അതിനു ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ച് ലില്ലെ മത്സരത്തിലേക്ക് തിരിച്ചു വന്നു. നെയ്‌മർ പരിക്കേറ്റു പുറത്തു പോയതിനു ശേഷമാണ് ലില്ലെയുടെ രണ്ടു ഗോളുകളും പിറന്നത്.

എന്നാൽ പൊരുതിക്കളിച്ച പിഎസ്‌ജി എംബാപ്പയിലൂടെ സമനിലഗോൾ പിടിച്ചെങ്കിലും വിജയം നേടാമെന്ന പ്രതീക്ഷ അവർക്ക് കുറവായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ മെസി അവതരിച്ചു. പിഎസ്‌ജിക്ക് ബോക്‌സിന് തൊട്ടു വെളിയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് മനോഹരമായി ലക്ഷ്യത്തിലെത്തിച്ച് താരം വിജയം നേടിക്കൊടുത്തു. അതുവരെ മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാതിരുന്ന മെസി തന്റെ പ്രതിഭ വെളിപ്പെടുത്തിയാണ് ഗോൾ നേടിയത്.

മെസിയുടെ ഗോൾ പിഎസ്‌ജി താരങ്ങൾക്കിടയിൽ മാത്രമല്ല, ടീമിലെ എല്ലാവരിലും വലിയ ആവേശമാണ് സൃഷ്‌ടിച്ചത്. മെസി ഗോൾ നേടിയ ഉടനെ താരത്തെ അഭിനന്ദിക്കാൻ ആവേശത്തോടെ പാഞ്ഞു വരുന്ന പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ മനോഹരമായ ഒരു കാഴ്‌ചയായിരുന്നു. സ്പോർട്ടിങ് ഡയറക്റ്റർ ലൂയിസ് കാമ്പോസും മെസിയുടെ ഗോൾ വൈകാരികമായാണ് ആഘോഷിച്ചത്.

ക്രിസ്റ്റഫെ ഗാൾട്ടിയറും ലൂയിസ് ഒകാമ്പോസും ലില്ലെയിൽ നിന്നാണ് പിഎസ്‌ജിയിലേക്ക് വന്നതെന്നിരിക്കെയാണ് അവർ വന്യമായ രീതിയിൽ വിജയം ആഘോഷിച്ചത്. മത്സരത്തിന് ശേഷം മെസി ഒരിക്കൽക്കൂടി തങ്ങളെ രക്ഷിച്ചുവെന്നാണ് പരിശീലകൻ പറഞ്ഞത്. മത്സരത്തിൽ തോൽവി വഴങ്ങിയാൽ പരിശീലകസ്ഥാനത്തു നിന്നും പുറത്തു പോകാനുള്ള സാധ്യത വരെയുണ്ടെന്നിരിക്കെയാണ് ടീം വിജയം നേടിയത്.

ലയണൽ മെസിയുടെ ഗോളും പിഎസ്‌ജിയുടെ വിജയവും ടീമിലെ താരങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്ന ഒന്നാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ടീമിന് കൂടുതൽ ഒത്തിണക്കം വരാൻ അത് സഹായിക്കും. ഇത് തുടർന്നുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനും ടീമിന് കരുത്തു നൽകും.