‘ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, എങ്ങനെയാണ് സ്കോർ ചെയ്തതെന്ന് ഞാൻ കണ്ടില്ല’ : അത്ഭുത ഗോൾ നേടിയതിന് ശേഷം പ്രതികരണവുമായി ഗർനാച്ചോ | Alejandro Garnacho

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എവർട്ടണെ പരാജയപ്പെടുത്തി. അർജന്റീനിയൻ യുവ സൂപ്പർ താരം അലജാൻഡ്രോ ഗാർനാച്ചോ നേടിയ ഓവർ ഹെഡ് ഗോൾ ആയിരുന്നു മത്സരത്തിലെ ഹൈലൈറ്റ്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ഗർനാച്ചോയുടെ ഗോൾ വരുന്നത്. പിൻനിരയിൽ നിന്നും വന്ന ലോങ്ങ് പാസ് പിടിച്ചെടുത്ത റാഷ്‌ഫോഡ് അത് ഡീഗോ ദാലോട്ടിനു കൈമാറി, താരം അത് ബോക്‌സിലേക്ക് ക്രോസ് നൽകിയത് ഒഴിഞ്ഞു നിൽക്കുകയായിരുന്ന ഗർനാച്ചോയുടെ പുറകിലേക്കാണ് വന്നത്. ക്ഷണനേരത്തിൽ പിന്തിരിഞ്ഞ താരം ഒരു തകർപ്പൻ ബൈസിക്കിൾ കിക്കിലൂടെ അത് വലയുടെ മൂലയിലേക്ക് എത്തിച്ചു. എവർട്ടൻ ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ കഴ്ചക്കാരനായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.

2011-ലെ മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനായി വെയ്ൻ റൂണി നേടിയ പ്രശസ്ത ഗോളുമായാണ് ഗാർണാച്ചോയുടെ അതിശയിപ്പിക്കുന്ന ഗോളിനെ താരതമ്യപ്പെടുത്തുന്നത്.2018-ൽ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടലിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ റൊണാൾഡോയും സമാനമായ ഒരു ഗോൾ നേടിയിരുന്നു. അർജന്റീനിയൻ താരം അലജാൻഡ്രോ ഗാർനാച്ചോ ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണ്.ഗർനാച്ചോ നേടിയ ഗോൾ അടുത്ത തവണ പുഷ്‌കാസ് അവാർഡ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഗാർനച്ചോയെ റൂണിയെയും റൊണാൾഡോയെയും പോലുള്ളവരുമായി താരതമ്യപ്പെടുത്തുന്നത് വളരെ പെട്ടെന്നാണെന്ന് യുണൈറ്റഡ് മാനേജർ ടെൻ ഹാഗ് പറഞ്ഞു.“ഈ സീസണിൽ ഇനിയും ധാരാളം ഗെയിമുകൾ കളിക്കാനുണ്ട്,സമീപ വർഷങ്ങളിലെ ക്ലബ്ബിന്റെ ഏറ്റവും വലിയ രണ്ട് പേരുകളുമായി ഗാർനാച്ചോയെ വളരെ വേഗത്തിൽ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കും. ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അവർക്കെല്ലാം അവരുടേതായ ഐഡന്റിറ്റി ഉണ്ട്, പക്ഷേ ഗാർണാച്ചോയ്ക്ക് അങ്ങനെ പോകണമെങ്കിൽ, അവൻ വളരെ കഠിനാധ്വാനം ചെയ്യണം” ടെൻ ഹാഗ് പറഞ്ഞു.

“എന്നാൽ അദ്ദേഹത്തിന് തീർച്ചയായും ചില അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനുള്ള ഉയർന്ന കഴിവുണ്ട്. ഞങ്ങൾ ഇത് ആദ്യമായിട്ടല്ല കാണുന്നത്. എന്നാൽ നിങ്ങൾക്ക് റൂണിയെപ്പോലെയോ റൊണാൾഡോയെപ്പോലെയോ ഒരു കളിക്കാരനാകണമെങ്കിൽ, നിങ്ങൾ പ്രീമിയർ ലീഗിൽ 20, 25 ഗോളുകൾ സ്കോർ ചെയ്യണം. നേടുക എളുപ്പമല്ല, പക്ഷേ അത് നേടാൻ അദ്ദേഹത്തിനാവും” യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.”ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ഞാൻ എങ്ങനെ സ്കോർ ചെയ്തുവെന്ന് ഞാൻ കണ്ടില്ല, ജനക്കൂട്ടത്തെ ശ്രദ്ധിക്കുകയും ‘ദൈവമേ’ എന്ന് പറയുകയും ചെയ്തു,” ഗാർനാച്ചോ എൻബിസിയോട് പറഞ്ഞു. “ഞാൻ നേടിയ ഏറ്റവും മികച്ച ഗോളുകളിൽ ഒന്ന്, ഞാൻ വളരെ സന്തോഷവാനാണ്”.

Rate this post