റോഡ്രിഗോ മാജിക്കിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി റയൽ മാഡ്രിഡ് | Real Madrid

ലാലിഗയിൽ തകർപ്പൻ ഫോമിലാണ് റയൽ മാഡ്രിഡ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. തോൽവി അറിയാതെയുള്ള തുടർച്ചയായ പതിനൊന്നാം മത്സരമാണ് റയൽ മാഡ്രിഡ് പൂർത്തിയാക്കിയത്. ഈ ജയത്തോടെ ലാലിഗയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി റയൽ മാഡ്രിഡ്.

കാഡിസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്തണ് എതിരാളികളുടെ തട്ടകത്തിൽ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. റയലിന്റെ തുരുപ്പുചീട്ട് ബ്രസീലിന്റെ റോഡ്രിഗോ ഇരട്ട ഗോളുകളും ഒരു അസ്സിസ്റ്റും നേടി കളിയിലെ കേമനായപ്പോൾ ജൂഡ് ബെലിങ്ഹാമാണ് മറ്റൊരു ഗോൾ നേടി പട്ടിക പൂർത്തിയാക്കിയത്.

റയലുമായി കരാർ പുതുക്കിയ ശേഷമുള്ള താരത്തിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. കരാർ പുതുക്കിയ ശേഷം റോഡ്രിഗോ റയൽ മാഡ്രിഡിന് വേണ്ടി അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ ഒൻപത് ഗോളുകളിലാണ് പങ്കാളിയായത്. 5 ഗോളുകളും 4 അസിസ്റ്റുകളുമാണ് ബ്രസീലിയൻ താരം നേടിയത്. ബ്രസീൽ-അർജന്റീന മത്സരത്തിനിടയിൽ സംഭവിച്ച കാര്യത്തിന് ഇപ്പോഴും വംശീയ അധിക്ഷേപം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റോഡ്രിഗോ വെളിപ്പെടുത്തിയിരുന്നു. അതൊന്നും താരത്തിന്റെ പ്രകടനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലയെന്ന് വ്യക്തം. ഈ മാസം തുടക്കത്തിലാണ് റോഡ്രിഗോ റയൽ മാഡ്രിഡുമായി തന്റെ കരാർ പുതുക്കിയത്. 2028 വരെയാണ് ബ്രസീലിയൻ താരത്തിന്റെ കരാർ. ഒരു ബില്യൺ യൂറോ എന്ന മാസ്സീവ് തുകയാണ് താരത്തിന്റെ റിലീസ് ക്ലോസ്.

ഈ സീസണിൽ ബെർണാബ്യുവിലെത്തിയ സെൻസേഷനൽ താരമാണ് ജൂഡ് ബെല്ലിംഗ്ഹാം. കാഡിസിനെതിരെ ഇംഗ്ലീഷ് താരം കളിയുടെ 74 മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റത്തിലാണ് ഒരു ഗോൾ നേടിയത്. ഇതോടെ ഈ സീസണിൽ റയലിനു വേണ്ടി 15 മത്സരങ്ങളിൽ 14 ഗോളുകൾ നേടാൻ സാധിച്ചിട്ടുണ്ട്. മൂന്ന് അസിസ്റ്റുകളും താരം സ്വന്തമാക്കി സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ലാലിഗയിൽ 11 ഗോളുകളോടെ ടോപ് സ്കോർ സ്ഥാനത്തും ബെലിങ്ഹാമാണ്. അത്‌ലറ്റികോ മാഡ്രിഡിന്റെ ഗ്രീസ്മാനാണ് 9 ഗോളുകളോടെ രണ്ടാം സ്ഥാനത്ത്.

റയൽ മാഡ്രിഡിന് കാഡിസിനെതിരെയുള്ള വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ കഴിഞ്ഞു.14മത്സരങ്ങളിൽ 35 പോയിന്റുകളുമായി റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ ഈ സീസണിലെ അത്ഭുത ടീമായി അറിയപ്പെടുന്ന ജിറോണ 13 മത്സരങ്ങളിൽ 34 പോയിന്റ്കളോടെ തൊട്ടു പിന്നിലുണ്ട്. ജിറോണ ഇന്ന് രാത്രി 1:30ന് അറ്റ്ലറ്റിക് ക്ലബ്ബുമായി ഏറ്റുമുട്ടും. ജയിച്ചാൽ ജിറോണക്ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം.

Rate this post