സൗദി അറേബ്യയിൽ കളിക്കാനെത്തിയ താരം ഇസ്ലാം മതം സ്വീകരിച്ചു

ജർമൻ ഫുട്ബാൾ താരം റോബർട്ട് ബോവർ ഇസ്ലാം മതം സ്വീകരിച്ചു. 28 കാരനായ ജർമൻ താരം നിലവിൽ സൗദി പ്രോ ലീഗിൽ കളിക്കുകയാണ്.ഇൻസ്റ്റഗ്രാമിലൂടെയാണ് ഇസ്ലാം മതം സ്വീകരിച്ച കാര്യം അറിയിച്ചത്. വഴികാട്ടിയായത് ഭാര്യയും കുടുംബവുമാണെന്ന് താരം വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാമിൽ നിസ്കരിക്കുന്നതിന്റെ ചിത്രം പങ്ക് വെച്ചാണ് താരം തന്റെ മതമാറ്റം അറിയിച്ചത്.’ഇന്ന് എനിക്ക് സന്ദേശം അയക്കുന്ന എല്ലാവർക്കും വേണ്ടി, ഭാര്യയും അവരുടെ കുടുംബവുമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതിന് വഴികാട്ടിയായത്. ഈ യാത്രയിൽ എന്നെ സഹായിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ബെൽജിയം ക്ലബ്‌ സിന്റ്- റുഡിയന് വേണ്ടി രണ്ട് സീസണുകളിൽ കളിച്ച ബോവർ ഈ വർഷമാണ് പ്രോ ലീഗ് ക്ലബ്ബായ അൽ -തായ്ക്കൊപ്പം ചേരുന്നത്. ഒരു വർഷത്തെ കരാറിലാണ് ഈ ലെഫ്റ്റ് ബാക്ക് സൗദി ക്ലബ്ബിനൊപ്പം ചേരുന്നത്. ജർമൻ താരമാണെങ്കിലും ബുണ്ടസ് ലീഗയിൽ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടാനോ ജർമനിയിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനോ ബോവറിന് സാധിച്ചിട്ടില്ല.

കരിയറിൽ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും അദ്ദേഹം പന്ത് തട്ടിയിട്ടില്ല. ജർമനിയുടെ ഒളിമ്പിക്സ് ടീമിനും അണ്ടർ 20 ടീമിനും വേണ്ടി മാത്രമാണ് അദ്ദേഹത്തിന് ദേശീയ ടീമിനെ പ്രതിനിധികരിക്കാൻ കഴിഞ്ഞുള്ളു.

4.9/5 - (102 votes)