14 വർഷം നീണ്ടു നിന്ന തന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നം സാക്ഷാത്കരിച്ച് അർജന്റീനിയൻ താരം |Giovanni Simeone

അർജന്റീന ഫുട്ബോൾ താരം ജിയോവാനി സിമിയോണിക്ക് 13 വയസ്സുള്ളപ്പോൾ തന്നെ താൻ ഒരിക്കൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുമെന്ന് അറിയാമായിരുന്നു. ഇന്നലെ ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ലിവർപൂളിനെതിരെ നാപ്പൊളിക്കായി ഗോൾ നേടി ജിയോവാനി സിമിയോണി തന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്.

സിമിയോണിക്ക് 13 വയസ്സുള്ളപ്പോൾ കൈത്തണ്ടയിൽ UCL ബാഡ്ജ് പച്ചകുത്തുകയും ചെയ്തു. ഇന്നലെ ലിവർപൂളിനെതിരായ നാപ്പോളിയുടെ പ്രശസ്തമായ വിജയത്തിൽ മഹാനായ ഡീഗോ സിമിയോണിയുടെ മകൻ പ്രധാന പങ്കുവഹിച്ചു.ചെറുപ്രായത്തിൽ തന്നെ ടാറ്റൂ ചെയ്തതിന് അന്ന് മാതാപിതാക്കളുടെ ശകാരം കേൾക്കേണ്ടി വന്നിട്ടുണ്ട് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയുടെ മകനായ ജിയോവാനി സിമിയോണിക്ക്.ഭാവിയിൽ എന്നെങ്കിലും ഒരിക്കൽ ചാമ്പ്യൻസ് ലീഗിൽ കളിച്ച് ഗോൾ നേടുമ്പോൾ ഞാൻ ഈ ടാറ്റുവിൽ ചുംബിക്കുമെന്ന് കുഞ്ഞു സിമിയോണി സ്വപ്നം കണ്ടിരുന്നു.

“എനിക്ക് 13 വയസ്സായിരുന്നു, തുടക്കം മുതൽ എന്റെ സ്വപ്നം എപ്പോഴും ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നതായിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ കളിക്കുകയും ഗോളടിക്കുകയും ചെയ്തു ” 27 കാരനായ സിമിയോണി ലിവർപൂളിനെതിരെയുള്ള മത്സര ശേഷം പറഞ്ഞു.”ഇത്രയും ദൂരം എത്തുക, ഒരു ഗോൾ നേടുക, ഈ പന്തിൽ ചുംബിക്കുക എന്നീ സ്വപ്നം കൊണ്ടാണ് ഞാൻ ഈ ടാറ്റൂ ഇട്ടത്. അത് ആവേശകരമായിരുന്നു. കുട്ടിക്കാലത്ത് ഈ ടാറ്റൂ കാണുമ്പോഴെല്ലാം ഞാൻ ഈ നിമിഷം സ്വപ്നം കണ്ടു. ഞാൻ ആവേശത്തിലാണ്, ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു ഇവിടെ വരെ എത്താൻ” സിമിയോണി കൂട്ടിച്ചേർത്തു.

ആദ്യ പകുതിയിൽ വിക്ടർ ഒസിംഹെന് പരിക്കേറ്റതാണ് സിമിയോണിക്ക് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിച്ചത് .സഹതാരത്തിന്റെ പരിക്കിന്റെ തീവ്രതയെ ആശ്രയിചാവും വരും ആഴ്ചകളിലും മാസങ്ങളിലും അർജന്റീന താരത്തിന് നാപോളിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.ഹെല്ലസ് വെറോണയിൽ നിന്നാണ് സിമിയോണിയെ നാപോളി ടീമിലെത്തിച്ചത്.

ജെനോവ, ഫിയോറന്റീന, കാഗ്ലിയാരി, വെറോണ എന്നിവർക്കൊപ്പം കഴിഞ്ഞ ആറ് സീസണുകളിൽ സീരി എയിൽ ചിലവഴ്ച 27 കാരൻ കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ടോപ്പ് ഫ്ലൈറ്റിൽ 17 ഗോളുകൾ നേടുകയും അഞ്ചു അസിസ്റ്റുകൾ നൽകുകയും ചെയ്തു.ക്ലബ്ബിന്റെ റെക്കോർഡ് ഗോൾ സ്‌കോറർ ഡ്രൈസ് മെർട്ടൻസ് ഈ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ പോയതിന്റെ പശ്ചാത്തലത്തിലാണ് അർജന്റീന താരം സിമിയോണിയുടെ നാപോളിയിലേക്കുള്ള വരവ്.കഴിഞ്ഞ സീസണിന്റെ അവസാനം മുതൽ സ്ഥിരം ഗോൾ സ്‌കോറർ ലോറെൻസോ ഇൻസൈനും നാപോളി വിട്ടിരുന്നു.