❝ഗോകുലം കേരള ഐ ലീഗ് തുടർച്ചയായ രണ്ടാം കിരീടത്തിലേക്ക് അടുക്കുന്നു❞ |Gokulam Kerala
ഐ ലീഗില്‍ കിരീടത്തിനരികിലാണ് കേരളത്തിന്റെ അഭിമാന ക്ലബ്ബായ ഗോകുലം കേരള എഫ്.സി. ശേഷിക്കുന്ന 3 മത്സരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും.കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി നടപ്പ് സീസണ്‍ ഐ ലീഗിലും കാഴ്ചവെക്കുന്നത് ഉജ്ജ്വല പ്രകടനങ്ങളാണ്.
15 മത്സരത്തില്‍ നിന്ന് 37 പോയിന്റുള്ള ഗോകുലം ഇതേ വരെ തോല്‍വി അറിഞ്ഞിട്ടില്ല. 13 ഗോളുകളുമായി ഗോകുലം സ്‌ട്രൈക്കര്‍ ലൂക്ക മാജ്‌സെന്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. ആറ് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഗോകുലം കേരള എഫ്.സിക്ക് ലീഗില്‍ അവശേഷിക്കുന്നത് വെറും മൂന്നേ മൂന്ന് മത്സരങ്ങള്‍. ചാമ്പ്യൻഷിപ്പ് റൗണ്ട് മത്സരത്തിൽ ഇന്ന് ഗോകുലം കേരള എഫ്‌സി രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും.
ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദൻസ് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ വിജയിച്ചില്ലായിരുന്നെങ്കിൽ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെ കീഴടക്കിയാൾ തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം ഗോകുലത്തിന് ഉറപ്പിക്കാമായിരുന്നു. ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, മലബാറിക്കാർക്കും കോച്ച് വിൻസെൻസോ ആൽബെർട്ടോ ആനിസിനും അവരുടെ രണ്ടാം ഐ-ലീഗ് വിജയം നിഷേധിക്കാൻ ഭീമമായ തകർച്ച മാത്രമേ കരണമാവു .ഗെയിം വീക്ക് 10 വരെ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ട് മികച്ച തുടക്കം കുറിച്ചത് മുഹമ്മദൻ സ്‌പോർട്ടിംഗ് ആയിരുന്നുവെങ്കിലും, സീസൺ പുരോഗമിക്കുന്തോറും ഗോകുലം ശക്തമായി തിരിച്ചു വന്നു.
ചാമ്പ്യൻഷിപ്പ് ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുഹമ്മദൻ സ്‌പോർട്ടിംഗിന് ഒന്നാം സ്ഥാനം നഷ്ടമായി.കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് അവർക്ക് ജയിക്കാനായത്, ഇത് അവരുടെ കന്നി ഐ-ലീഗ് കിരീട പ്രതീക്ഷയെ കുറച്ചു.മറുവശത്ത് ഗോകുലം അവസാന എട്ടിൽ ഏഴിലും വിജയികളായി.കഴിഞ്ഞ ശനിയാഴ്ച ചർച്ചിൽ ബ്രദേഴ്‌സ് അവരെ 1-1ന് സമനിലയിൽ തളച്ചു, എന്നാൽ മൂന്ന് ദിവസത്തിന് ശേഷം നെറോകയെ 4-0 ന് തകർത്തുകൊണ്ട് കമാൻഡിംഗ് ഫാഷനിൽ മറുപടി നൽകി അതും ടോപ്പ് സ്‌കോറർ ലൂക്കാ മജ്‌സെൻ ഇല്ലാതെയാണ് ഗോകുലം ജയിച്ചത്.
ഇപ്പോൾ ഐ-ലീഗ് കാലഘട്ടത്തിൽ തങ്ങളുടെ കിരീടം വിജയകരമായി നിലനിർത്തുന്ന ആദ്യത്തെ ക്ലബ്ബായി മാറുന്നതിൽ നിന്ന് മലബാറിയൻസിനെ വേർതിരിക്കുന്നത് നാല് പോയിന്റുകൾ മാത്രം.ശേഷിക്കുന്ന മൂന്ന് ഗെയിമുകളിൽ അവർ തോൽവിയറിയാതെയുള്ള മുന്നേറ്റം നിലനിർത്തുകയാണെങ്കിൽ അവർക്ക് NFL/I-ലീഗ് ചരിത്രത്തിലെ ആദ്യ അജയ്യമായ ചാമ്പ്യന്മാരാകാനും കഴിയും.ഈ മാസം അവസാനം കൊൽക്കത്തയിൽ നടക്കുന്ന എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കോണ്ടിനെന്റൽ സ്റ്റേജിൽ ക്ലബ് അരങ്ങേറ്റം കുറിക്കുമെന്നതിനാൽ ഗോകുലം കേരള ആരാധകർക്ക് ഈ സീസണിൽ ആവേശം കൊള്ളാൻ കൂടുതൽ കാരണങ്ങളുണ്ട്.
ഇന്ത്യൻ ടീമായ എടികെ മോഹൻ ബഗാൻ, ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബശുന്ധര കിംഗ്സ്, മാലിദ്വീപ് ചാമ്പ്യൻമാരായ മാസിയ എന്നിവരെയാണ് മലബാറിയക്കാർ നേരിടുന്നത്.കോച്ച് ആനീസിനും കൂട്ടർക്കും, ഏഷ്യൻ വെല്ലുവിളിക്ക് തയ്യാറെടുക്കുന്നതിനുള്ള മികച്ച മാർഗം ലീഗ് വിജയമായിരിക്കും.നാളെ രാജസ്ഥാന്‍ എഫ്.സിക്കെതിരെയും ഈ മാസം 10 ശ്രീനിധി ഡെക്കാനെതിരെയും 14 ന് മൊഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെതിരെയുമാണ് ഗോകുലം കളിക്കുക. ഇതില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ അഭിമാന കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കാല്‍പന്ത് കളിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന മലബാറിലെ കളി പ്രേമികള്‍ ഉറ്റുനോക്കുന്നതും ഏറെ സമ്മോഹനമായ ഈ നിമിഷമാണ്.