❝ഗോകുലം കേരള – മലയാളത്തിന്റെ അഭിമാനം, എഎഫ്സി കപ്പിൽ എ ടി കെ മോഹൻ ബഗാനെ തകർത്തെറിഞ്ഞു❞ |Gokulam Kerala |AFC Cup

എഎഫ്സി കപ്പിൽ തങ്ങളുടെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് കേരളത്തിന്റെ അഭിമാന ടീമായ ഗോകുലം കേരള. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഐഎസ്എൽ കരുത്തന്മാരായ എടികെ മോഹന ബഗാനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മലബാറിയൻസ് തകർത്തത്. മുപ്പതിനായിരത്തോളം വരുന്ന കാണികൾക്ക് മുന്നിൽ വെച്ചായിരുന്നു ഗോകുലത്തിന്റെ തകർപ്പൻ ജയം.

ഇരട്ട ഗോളുകൾ നേടിയ സ്ലോവേനിയൻ സ്‌ട്രൈക്കർ ലൂക്കാസ് മാസെൻ ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. റിഷാദ് ജിതിൻ എന്നിവരാണ് ഗോകുലത്തിന്റെ മറ്റു ഗോളുകൾ നേടിയത്. മത്സരത്തിൽ മോഹൻ ബഗാൻ ആദ്യ പകുതിയിൽ കൂടുതൽ അറ്റാക്ക് നടത്തിയത് എങ്കിലും ഗോകുലം ഡിഫൻസ് മറികടക്കാൻ കൊൽക്കത്തൻ ടീമിന് ആയില്ല.സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുന്ന മുൻ തൂക്കം മോഹൻ ബഗാന് ഉണ്ടെങ്കിലും അത് കളത്തിൽ കാര്യമായി കണ്ടില്ല. ആദ്യ പകുതിയിൽ എമിൽ ബെന്നിയുടെ ഒരു ഷോട്ടായിരുന്നു ഗോകുലത്തിന് കിട്ടിയ ആദ്യ മികച്ച അവസരം. എമിലിന്റെ ഷോട്ട് ഗോൾ ബാറിന് തൊട്ടു മുകളിലൂടെയാണ് പുറത്ത് പോയത്‌.

ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷിടിക്കാൻ സാധിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചാണ് ഗോകുലം ഇറങ്ങിയത്. രണ്ടാം പകുതി ആരംഭിച്ച് അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ഗോകുലം ആദായ ഗോൾ നേടി. ടീം വർക്കിന്റെ ഗോൾ എന്ന് ഇതിനെ വിശേഷിപ്പിക്കാം. മിഡ്ഫീൽഡർ എമിൽ ബെന്നിയിൽ നിന്നും പന്ത് സ്വീകരിച്ച് സമാൻ ബോക്സിലേക്ക് കൊടുത്ത പാസ് ലൂക്കാസ് മാസെൻ എടികെ വലയിലെത്തിച്ചു. എന്നാൽ 52ആം മിനുട്ടിൽ തന്നെ എ ടി കെ സമനില കണ്ടെത്തി. ഒരു സെറ്റ് പീസിൽ നിന്ന് പ്രിതം കോടാലാണ് മോഹൻ ബഗാനായി സമനില നേടിയത്‌.

58ആം മിനുട്ടിൽ ഇടതു വിങ്ങിലൂടെ വന്ന ഫ്ലച്ചറിന്റെ മുന്നേറ്റത്തിൽ നിന്നും റിഷാദ് അമ്രീന്ദറിനെ കീഴടക്കി ബഗാൻ വലയിലെത്തിച്ചു സ്കോർ 2 -1 ആക്കി ഉയർത്തി.65ആം മിനുട്ടിൽ ലുക്കാ തന്റെ രണ്ടാം ഗോളിലൂടെ ഗോകുലത്തിന്റെ ലീഡുയർത്തി.80ആം മിനുട്ടിൽ ഒരു സൂപ്പർ ഫ്രീകിക്കിലൂടെ ലിസ്റ്റൺ കൊളാസോ ബഗാന് വേണ്ടി ഒരു ഗോൾ കൂടെ മടക്കി. എന്നാൽ 89 ആം മിനുട്ടിൽ ലുക്കയോടൊപ്പം മനോഹരമായ വൺ-ടു -വൺ പാസിൽ നിന്നും ജിതിൻ നേടിയ ഗോൾ ഗോകുലത്തിന്റെ വിജയം ഉറപ്പിച്ചു. ഗോകുലം കേരള ഇനി മെയ് 21ന് മാലദ്വീപിലെ ലീഗ് ടോപ്പർ Maziya S&RC-യെ നേരിടും

Rate this post