പരിശീലകനാണ് അവസാന വാക്ക്, ഗ്രീസ്മന്റെ പൊസിഷനെക്കുറിച്ച് മറുപടി നൽകി കൂമാൻ

ബാഴ്സലോണയിൽ ഗ്രീസ്മനെ പത്താം നമ്പർ പൊസിഷനിൽ കളിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നു വ്യക്തമാക്കി പരിശീലകൻ കൂമാൻ. ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും താരത്തിന് റൈറ്റ് വിങ്ങിൽ കളിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സീസണിൽ ഒരു തവണ പോലും ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഫ്രഞ്ച് താരം സ്വാഭാവികമായ പൊസിഷനിലല്ല ബാഴ്സയിൽ കളിക്കുന്നതെന്ന വിമർശനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ഗ്രീസ്മനുമായി ഞാൻ സംസാരിക്കുകയും ടീമിന്റെ നല്ലതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും പറഞ്ഞിരുന്നു. അദ്ദേഹം റൈറ്റ് വിങ്ങിൽ കളിക്കുന്നതാണ് ബാഴ്സക്കു നല്ലത്. നമ്പർ 9, 10 ഉൾപ്പെടെ അദ്ദേഹത്തിന് മൂന്നു പൊസിഷനിൽ കളിക്കാനാകും. ഞാൻ നെതർലൻഡ്സ് പരിശീലകനായിരുന്നപ്പോൾ ഫ്രാൻസിനെതിരെ കളിച്ചപ്പോൾ ഗ്രീസ്മൻ റൈറ്റ് വിങ്ങിലായിരുന്നു കളിച്ചിരുന്നത്.”

“ഗ്രീസ്മനുമായി എനിക്കു പ്രശ്നങ്ങളൊന്നുമില്ല. അറ്റാക്കിംഗിലെ മൂന്നു പൊസിഷനുകളിൽ ഓരോ താരങ്ങളെ മാത്രമേ കളിപ്പിക്കാനാവൂ. ഒരു താരത്തെയും ഞാൻ പൊസിഷൻ മാറ്റി കളിപ്പിക്കുന്നില്ല. അദ്ദേഹത്തിന് മറ്റു പല പൊസിഷനുകളിലും കളിക്കുകയാവും അഭികാമ്യം. എന്നാൽ എല്ലാ താരങ്ങളെയും ഒരേ പൊസിഷനിൽ കളിപ്പിക്കാനാവില്ല.” കൂമാൻ വ്യക്തമാക്കി.

മുന്നേറ്റത്തിൽ ഗ്രീസ്മൻ മോശമാണെങ്കിലും ബാഴ്സ ടീമിനെ സന്തുലിതമാക്കി നിലനിർത്താൻ ഗ്രീസ്മന്റെ സാന്നിധ്യം സഹായിക്കുന്നുണ്ട്. പ്രതിരോധത്തിൽ മറ്റേതു മുന്നേറ്റനിര താരങ്ങളേക്കാളുമധികം സഹായം താരം ചെയ്യുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് താരത്തെ കൂമാൻ റൈറ്റ് വിങ്ങിൽ കളിപ്പിക്കുന്നത്.

Rate this post