ലോകഫുട്ബോളറെന്നത് നുണ പറയാനുള്ള ലൈസൻസല്ല, റൊണാൾഡോയെ രൂക്ഷമായി വിമർശിച്ച് ഇറ്റാലിയൻ കായികമന്ത്രി

കൊവിഡ് പ്രൊട്ടോകോൾ ലംഘിച്ചുവെന്ന ആരോപണം നടത്തിയ ഇറ്റാലിയൻ കായികമന്ത്രിക്കെതിരെ പ്രതികരണവുമായി റൊണാൾഡോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ നുണയാണെന്നും അധികാരികളുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് താനിതു വരെ പ്രവർത്തിച്ചിട്ടുള്ളതെന്നുമാണ് റൊണാൾഡോ പറഞ്ഞത്. എന്നാൽ താരത്തിന്റെ മറുപടി കായിക മന്ത്രിയായ സ്പദഫോറക്ക് ഒട്ടും ഇഷ്ടമായിട്ടില്ലെന്നാണ് അദ്ദേഹം ഇതിനു നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.

“കഴിവുള്ള താരമാണെന്നത് ധിക്കാരപൂർവ്വം പെരുമാറാനും അധികാര സ്ഥാപനങ്ങളെ ബഹുമാനിക്കാതിരിക്കാനും നുണ പറയാനുമുള്ള അനുമതി നൽകുന്നില്ല. ആളുകൾക്ക് പ്രശസ്തി ലഭിക്കുന്നതിന് അനുസരിച്ച് അവർ സംസാരിക്കുന്നതിനു മുൻപ് കൂടുതൽ ശ്രദ്ധിക്കുകയും മറ്റുള്ളവർക്ക് മാതൃകയാവുകയും ചെയ്യേണ്ടതാണ്.” അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ തനിക്കു താൽപര്യമില്ലെന്നും സ്പദഫോറ വ്യക്തമാക്കി. ഹോട്ടലിൽ ഐസൊലേഷനിൽ കഴിയേണ്ട ടീമിലെ താരങ്ങളിൽ പലരും അതു ലംഘിച്ചോ തെറ്റായ നിർദ്ദേശങ്ങൾ ലഭിച്ചതു മൂലമോ പുറത്തു പോയതിനെക്കുറിച്ചാണ് താൻ കഴിഞ്ഞ ദിവസം പറഞ്ഞതെന്നും കൊറോണ പൊസിറ്റീവായ എല്ലാവർക്കും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

യുവന്റസിലെ രണ്ടു സ്റ്റാഫുകൾക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ടീം ഐസൊലേഷനിൽ കഴിയുന്നതിനിടയിൽ നിന്നാണ് റൊണാൾഡോ പോർച്ചുഗൽ ടീമിനൊപ്പം ചേർന്നത്. ഇതിനു ശേഷം റൊണാൾഡോക്കും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് താരത്തിനെതിരെ ഇറ്റാലിയൻ കായിക മന്ത്രി വിമർശനം നടത്തിയത്.