വെങ്ങറുടെ പുസ്തകത്തിൽ മൗറിഞ്ഞോയെ ഉൾപ്പെടുത്തിയിട്ടില്ല, രസകരമായ കാരണം വെളിപ്പെടുത്തി ജോസെ മൗറിഞ്ഞോ

ആഴ്സണലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരിശീലകനാണ് ആഴ്സെൻ വെങ്ങർ. 22 വർഷത്തെ തന്റെ ആഴ്‌സണൽ കരിയറിനെക്കുറിച്ച് അടുത്തിടെ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആഴ്സെൻ വെങ്ങർ:മൈ ലൈഫ് ഇൻ റെഡ് ആൻഡ് വൈറ്റ് എന്നാണ് പുസ്തകത്തിനു നാമകരണം ചെയ്തിരിക്കുന്നത്. എന്നാൽ ഈ പുസ്തകത്തിൽ ഒരിടത്തുപോലും അക്കാലത്തു ചെൽസി മാനേജരായിരുന്ന ജോസെ മൗറിഞ്ഞോയെ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ ടോട്ടനത്തിന്റെ വെസ്റ്റ് ഹാമിനെതിരായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഈ കാര്യത്തേക്കുറിച്ച് ചോദിച്ചപ്പോൾ മൗറിഞ്ഞോയുടെ മറുപടി രസകരമായിരുന്നു. തന്നെ ആഴ്സെൻ വെങ്ങറിനു ഒരിക്കലും തോല്പിക്കാൻ സാധിക്കാഞ്ഞതിനാലാണ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്താത്തതെന്നായിരുന്നു മൗറിഞ്ഞോയുടെ പ്രതികരണം.നമ്മൾ പുസ്തകമെഴുതുന്നത് നമ്മുടെ സന്തോഷത്തിനാണെന്നാണ് മൗറിഞ്ഞോ ചൂണ്ടിക്കാണിച്ചത്.

“കാരണം അദ്ദേഹത്തിനെന്നെ തോൽപിക്കാനായിട്ടില്ല. പന്ത്രണ്ടോ പതിനാലോ മത്സരങ്ങൾ ജയിക്കാനായില്ലെങ്കിൽ നിങ്ങൾ അതിനെക്കുറിച്ച് ഒരു അധ്യായം എഴുതുമോ? പിന്നെന്തിനാണ് അദ്ദേഹമെഴുതുന്നത്? ഒരു പുസ്തകമെന്നത് നിങ്ങളെ സന്തോഷപ്പെടുത്താനുള്ളതാണ്. നിങ്ങൾക്ക് അഭിമാനം തോന്നേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ആ സാഹചര്യം എനിക്ക് ഉൾകൊള്ളാനാവും” മൗറിഞ്ഞോ അഭിപ്രായപ്പെട്ടു.

ഇരുവരും പ്രീമിയർ ലീഗിലുള്ള സമയത്ത് തന്നെ വലിയ രീതിയിലുള്ള വിദ്വേഷം വച്ചു പുലർത്തിയിരുന്നു. മുൻപൊരിക്കൽ വെങ്ങർ ഒരു തോൽവിയുടെ വിദ്വാൻ ആണെന്നുവരെ മൗറിഞ്ഞോ പ്രസ്താവനയിറക്കിയിരുന്നു. ഒരു ട്രോഫി പോലും നേടാൻ കഴിയാതിരുന്ന കാലത്താണ് മൗറീഞ്ഞോ വെങ്ങറേക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.