ഹാട്രിക്ക് ഹീറോ ഹാലൻഡ്, രണ്ടാം പകുതിയിൽ നാലു ഗോളുകൾ നേടി അവിശ്വസനീയ തിരിച്ചുവരവുമായി മാഞ്ചസ്റ്റർ സിറ്റി

ക്രിസ്റ്റൽ പാലസിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന്റെ തുടക്കത്തിൽ പതറിയെങ്കിലും രണ്ടാം പകുതിയിൽ അവിശ്വസനീയമായ തിരിച്ചു വരവ് നടത്തി മികച്ച വിജയം നേടി മാഞ്ചസ്റ്റർ സിറ്റി. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് നിലവിലെ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി വിജയം സ്വന്തമാക്കിയത്. ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ടീമിലെത്തിയ എർലിങ് ഹാലൻഡ് മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയപ്പോൾ ബെർണാർഡോ സിൽവയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ നേടിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റങ്ങളെ ക്രിസ്റ്റൽ പാലസ് സമർത്ഥമായി തടുത്ത ആദ്യ പകുതിയിൽ മധ്യനിര താരം എസെയുടെ പ്രകടനമാണ് അവരെ മുന്നിലെത്തിച്ചത്. താരം നൽകിയ എണ്ണം പറഞ്ഞ രണ്ടു ക്രോസുകൾ അനായാസം ഗോളുകളാണ് മാറിയപ്പോൾ ക്രിസ്റ്റൽ പാലസ് എത്തിഹാദിൽ അട്ടിമറി വിജയം നേടുമെന്ന് തോന്നിപ്പിച്ചു. എസെയുടെ ക്രോസ് ജോൺ സ്റ്റോൺസിന്റെ ദേഹത്തു തട്ടി വലക്കകത്തേക്ക് കേറി മത്സരത്തിലെ ആദ്യത്തെ ഗോൾ പിറന്നപ്പോൾ രണ്ടാമത്തെ ഗോൾ ഇംഗ്ലീഷ് താരം തന്നെയെടുത്ത കോർണറിൽ നിന്നും ജോക്കിം ആൻഡേഴ്സണാണ് നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ശക്തമായി തിരിച്ചു വരുന്നതാണ് കണ്ടത്. റോഡ്രി നൽകിയ അസിസ്റ്റിൽ തുടക്കത്തിൽ തന്നെ ബെർണാഡോ സിൽവ ഗോൾ നേടിയത് അതിനു ശക്തി പകർന്നു. തുടർന്നാണ് ആദ്യപകുതിയിൽ നിശബ്‌ദനായിരുന്ന എർലിങ്ങ് ഹാലൻഡിന്റെ ഹാട്രിക്ക് പിറന്നത്. അറുപത്തിരണ്ട്‍, എഴുപത്, എൺപത്തിയൊന്ന് മിനിറ്റുകളിൽ പിറന്ന താരത്തിന്റെ ഗോളുകൾക്ക് ഫിൽ ഫോഡൻ, ജോൺ സ്റ്റോൺസ്, ഗുണ്ടോഗൻ എന്നിവരാണ് യഥാക്രമം അസിസ്റ്റ് നൽകിയത്. പ്രീമിയർ ലീഗിൽ എർലിങ് ഹാലൻഡ് നേടുന്ന ആദ്യത്തെ ഹാട്രിക്ക് ആയിരുന്നു ക്രിസ്റ്റൽ പാലസിനെതിരെയുള്ളത്.

മത്സരത്തിൽ പൊരുതി നേടിയ വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി താൽക്കാലികമായി ആദ്യ സ്ഥാനത്തേക്കുയർന്നു. ലീഗിൽ നാല് മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ സിറ്റി മൂന്നു ജയവും ന്യൂകാസിലിനെതിരെ വഴങ്ങിയ സമനിലയും ഉൾപ്പെടെ പത്ത് പോയിന്റ് നേടിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എന്നാൽ ഫുൾഹാമിനെതിരെ ഇന്നു നടക്കുന്ന മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ ആഴ്‌സണൽ വീണ്ടും ഒന്നാം സ്ഥാനത്തു തന്നെ തിരിച്ചെത്തും.