ചെൽസിയുടെ പുതിയ താരം ഹസാർഡിന്റെ പകരക്കാരനാകുമെന്ന പ്രതീക്ഷയിൽ ലംപാർഡ്

അയാക്സിൽ നിന്നും ചെൽസി സ്വന്തമാക്കിയ മൊറോക്കൻ താരം ഹക്കിം സിയച്ചിന് ഹസാർഡിന്റെ പകരക്കാരനാവാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ ഫ്രാങ്ക് ലംപാർഡ്‌. 2019ലാണ് തങ്ങളുടെ ഏറ്റവും മികച്ച താരമായിരുന്ന ഹസാർഡിനെ ചെൽസിക്കു നഷ്ടമായത്. ഈ സമ്മറിൽ പെഡ്രോ, വില്യൻ എന്നിവരും ചെൽസി വിട്ടു. എന്നാൽ ഇതിന്റെ ക്ഷീണം ചെൽസിയെ ബാധിക്കാതിരിക്കാൻ സിയച്ച് സഹായിക്കുമെന്നാണ് ലംപാർഡ് പ്രതീക്ഷിക്കുന്നത്.

“കഴിഞ്ഞ സീസണിൽ ഞങ്ങൾക്ക് പെഡ്രോയും വമ്പൻ താരമായ വില്യനുമുണ്ടായിരുന്നു. അതിനു മുൻപത്തെ വർഷം ഹസാർഡായിരുന്നു ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം. അത്തരം താരങ്ങൾക്കു പകരക്കാരെ ലഭിക്കുന്നതു പ്രയാസമാണ്.” ലംപാർഡ് പറഞ്ഞു.

”ഹക്കിം സിയച്ച് ടീമിലെത്തിയതോടെ ആ സമയത്തുണ്ടായിരുന്ന മികവോടെ കളിക്കാൻ കഴിയുന്ന താരത്തിന്റെ സാന്നിധ്യം ടീമിലുണ്ട്. ലെഫ്റ്റ് ഫൂട്ടഡായ, വലതു വശത്തു കളിക്കാൻ കഴിയുന്ന താരത്തിന് നമ്പർ 10 പൊസിഷനിലും തിളങ്ങാൻ കഴിയും. വിങ്ങർ എന്നതിലുപരിയായി അസാമാന്യ പാസുകൾ നൽകാൻ കഴിയുന്ന ഒരു താരത്തിന്റെ സാന്നിധ്യമാണ് ചെൽസിക്കു വേണ്ടിയിരുന്നതും.” ലംപാർഡ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ചെൽസിയുടെ ആദ്യ ഇലവനിൽ ഇറങ്ങിയ സിയച്ച് രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ചെൽസിയുടെ പുതിയ താരനിര ഒത്തിണക്കത്തോടെ കളിച്ചു തുടങ്ങിയാൽ സീസണിൽ പ്രീമിയർ ലീഗ് കിരീടം തന്നെ സ്വന്തമാക്കാൻ കഴിയുന്ന ടീമാണവർ. ജനുവരിയിൽ പ്രതിരോധം കൂടി ഒന്നു മിനുക്കിയാൽ ചെൽസി അതിശക്തരാകും.

Rate this post